മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടുമോ? നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍. ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണില്‍ ഉടന്‍ ഇളവ് പ്രഖ്യാപിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

നാളെ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇക്കാര്യം ആവശ്യപ്പെടും. മെയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഡല്‍ഹിയുടെ ആവശ്യം. എന്നാല്‍ കേന്ദ്രനിര്‍ദ്ദേശം അംഗീകരിക്കുമെന്ന് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.

നേരത്തെ തെലങ്കാന മെയ് ഏഴു വരെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. മുംബൈ, പൂനെ നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ 92 ശതമാനം കേസുകളും ഈ രണ്ടു നഗരങ്ങളിലാണ്. 15 ദിവസത്തേക്കു കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ആവശ്യപ്പെടുകയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി.

മാര്‍ച്ച് 24നാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഏപ്രില്‍ 14 വരെ ആയിരുന്നു ലോക്ക്ഡൗണ്‍. പിന്നീട് അത് മെയ് മൂന്നു വരെ നീട്ടുകയായിരുന്നു.

മെയ് മൂന്നിന് ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചാലും ഹോട്‌സ്‌പോട്ടുകളില്‍ കനത്ത നിയന്ത്രണം തുടരാനാകും കേന്ദ്രത്തിന്റെ തീരുമാനം. നിലവിലെ സാഹചര്യം അനുസരിച്ച് അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ, മുംബൈ, താനെ എന്നിവിടങ്ങളില്‍ ഇളവുകളുണ്ടാകില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. ഏഴായിരത്തിലേറെ കേസുകള്‍. തൊട്ടുപിന്നാലെ ഗുജറാത്തിലാണ്.

SHARE