കത്തിക്കരിഞ്ഞ് ഓസ്‌ട്രേലിയ; നഷ്ടപ്പെട്ടത് വന്‍ വന്യജീവി സമ്പത്ത്; പിന്നാലെ കാലാവസ്ഥാ മാറ്റവും

സിഡ്‌നി: ഉപഭൂഖണ്ഡം കൂടിയായ ഓസ്‌ട്രേലിയയില്‍ കാട്ടുതീ കത്തിപ്പടര്‍ന്നു പിടിച്ചതോടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ ഒരു കണക്കും ലഭ്യമായിട്ടില്ല. ആളപായവും മറ്റും കണക്കില്‍ വന്നെങ്കിലും നഷ്ടപ്പെട്ട വന്‍ വന്യജീവി സമ്പത്തിനെ കുറിച്ചും സസ്യജാലങ്ങളെ കുറിച്ചും
അളന്നെടുക്കാനാവാത്ത അവസ്ഥയിലാണ് അധികൃതര്‍.
ദശലക്ഷക്കണക്കിന് മിണ്ടാപ്രാണികളെ തീയില്‍നിന്ന് രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ഒരു കോടിയിലേറെ വന്യജീവികള്‍ ചത്തിരിക്കാമെന്നാണ് ഏകദേശ കണക്ക്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെപ്പോലും സംരക്ഷിക്കാന്‍ അധികൃതര്‍ക്കായില്ല.

ഉപഭൂഖണ്ഡമായ ഓസ്‌ട്രേലിയയെ ആകെ ഞെരിച്ച കാട്ടുതീ കാലാവസ്ഥാ മാറ്റത്തിനുപോലും സാധ്യതയാവുമെന്നാണ് വിലയിരുത്തല്‍. വിവിധ മേഖലകളില്‍ അപ്രതീക്ഷിതമായി കനത്ത മണല്‍കാറ്റും, മഞ്ഞുവീഴ്ച്ചയും പേമാരിയും രൂപപ്പെടുന്നതായാണ് വിവരം. മധ്യ ന്യൂ സൗത്ത് വെയില്‍സിലെ ഇടിമിന്നലില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ചിലയിടത്ത് പൊടികാറ്റ് രാത്രിയോളം നീണ്ടുനിന്ന് കൊടുങ്കാറ്റായി ആഞ്ഞടിച്ചു. പൊടികാറ്റില്‍ സൂര്യന്‍ പോലും മറഞ്ഞ് നഗരങ്ങള്‍ ഇരുട്ടിലായി.

മെല്‍ബണിലും കാന്‍ബെറയിലും കനത്ത കൊടുങ്കാറ്റുണ്ടായതായാണ് വിവരം. ചില പ്രദേശങ്ങളില്‍ ആലിപ്പഴം പന്തുകള്‍ വീഴുംപോലെ കനത്തതായും റിപ്പോര്‍ട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം കാണിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ വീഡിയോയും മറ്റും പോസ്റ്റ് ചെയ്യുന്നുണ്ട്.

കങ്കാരു ഐലന്‍ഡിലെ വന്യജീവി സംരക്ഷണ പാര്‍ക്കില്‍ 46,000 കോലകളുണ്ടായിരുന്നു. കാട്ടുതീക്ക് ശേഷം അവയുടെ എണ്ണം ഒമ്പതിനായിരമായി ചുരുങ്ങി. കാട്ടുതീയില്‍ പെട്ട് ഗുരുതര പരിക്കുകളോടെ എല്ലാ ദിവസവും ഡസന്‍ കണക്കിന് കോലകളെയാണ് ആളുകള്‍ ആസ്പത്രിയില്‍ എത്തിക്കുന്നത്. കൂടകളിലും ചെറു ബാസ്‌കറ്റുകളിലുമൊക്കെയായി കൊണ്ടുവരുന്ന കോലകള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ പാടുപെടുകയാണ്. വേഗത കുറഞ്ഞ ജീവികളായതിനാല്‍ കോലകള്‍ക്ക് കാട്ടുതീയില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. കോലകളില്‍ 80 ശമതാനവും കാട്ടുതീയില്‍ ചത്തൊടുങ്ങിയതായി കണക്കാക്കുന്നു.

വനത്തിന്റെ വലിയൊരു ഭാഗം കത്തിക്കരിഞ്ഞു പോയതിനാല്‍ ചികിത്സയിലിരിക്കുന്ന മൃഗദങ്ങളെ എവിടെ പാര്‍പ്പിക്കുമെന്ന ചോദ്യവും അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.

വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, ദക്ഷിണ ഓസ്‌ട്രേലിയ എന്നീ പ്രദേശങ്ങളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിക്കൊണ്ടാണ് കാട്ടുതീ പടര്‍ന്നത്. കൃഷിസ്ഥലങ്ങിലും വനത്തിലുമായി ജീവിക്കുന്ന 480 ദശലക്ഷം ജീവികള്‍ക്ക് നാശം സംഭവിച്ചിരിക്കാമെന്ന് ഗവേഷകനായ ക്രിസ് ഡിക്മാന്‍ അഭിപ്രായപ്പെട്ടു.