ചെന്നൈ: ലബനന് തലസ്ഥാനമായ ബെയ്റൂത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം ഭീതിയിലാഴ്ത്തുന്നത് ചെന്നൈയെയും. ബെയ്റൂത്തിലേതിന് സമാനമായ രീതിയില്‍ ചെന്നൈയിലും വന്‍തോതില്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിട്ടുണ്ട് എന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വന്‍ പ്രഹര ശേഷിയുള്ള 700 ടണ്‍ അമോണിയം നൈട്രേറ്റാണ് ചെന്നൈ കസ്റ്റംസിന്റെ മേല്‍നോട്ടത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. 2015ല്‍ ചെന്നൈ തുറമുഖത്തു നിന്ന് പിടികൂടിയതാണിത്. സ്ഫോടക വസ്തുക്കള്‍ ഇപ്പോള്‍ തുറമുഖത്തില്ല എന്നാണ് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നത്.
‘ഓരോന്നിലും 20 ടണ്‍ വരുന്ന 36 കണ്ടൈനര്‍ അമോണിയം നൈട്രേറ്റ് ദീര്‍ഘകാലം മുമ്പ് ഇവിടെ നിന്ന് കൊണ്ടു പോയിട്ടുണ്ട്. ഇപ്പോള്‍ അത് കസ്റ്റംസ് വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഉള്ളത്’ – പോര്‍ട്ട് പബ്ലിക് റിലേഷന്‍ വകുപ്പ് വ്യക്തമാക്കി.
സത്വ കണ്ടൈനര്‍ ഡിപ്പോയില്‍ 697 ടണ്‍ അമോണിയം നൈട്രേറ്റ് ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ശ്രീ അമ്മാന് കെമിക്കല്‍സ് എന്ന സ്ഥാപനം അനധികൃതമായി കൊണ്ടുവന്നതാണിത്. അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കും- ഉദ്യോഗസ്ഥന് എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ബെയ്റൂത്ത് തുറമുഖത്തെ കെട്ടിടത്തില്‍ സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചിരുന്നത്. രാജ്യത്തെ നടുക്കിയ വന്‍ സ്ഫോടത്തില്‍ 135 പേര് മരിക്കുകയും അയ്യായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.