‘നെറ്റ്വര്‍ക്ക് എറര്‍’; ടിക് ടോക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനിയില്ല

നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജൂണ്‍ 29 ന് വൈകീട്ടോടെയാണ് സുരക്ഷാഭീഷണി കാണിച്ച് കേന്ദ്രത്തിന്റെ നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജൂണ്‍ 30 വൈകുന്നേരം വരെ ടിക് ടോക്കില്‍ വീഡിയോകള്‍ കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും ലഭ്യമല്ലാതായിരിക്കുകയാണ്. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനി ടിക് ടോക്ക് വീഡിയോകള്‍ കാണാന്‍ സാധിക്കില്ല. നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ മിക്കവാറും എല്ലാ സെല്ലുലാര്‍, ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളിലും നിരോധിത ആപ്പുകള്‍ തുറക്കുമ്പോള്‍ ‘നെറ്റ്വര്‍ക്ക് എറര്‍’, ‘നോ ഇന്റര്‍നെറ്റ് കണക്ഷന്‍’ തുടങ്ങിയ മറുപടികളാണ് ഇപ്പോള്‍ കാണിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുള്‍പ്പെടെ കണക്ഷനുകള്‍ ഉപയോഗിക്കുന്ന നിരവധി ടിക് ടോക്ക് ഉപയോക്താക്കള്‍ തങ്ങളുടെ നെറ്റ്വര്‍ക്കുകളില്‍ ടിക് ടോക്ക് ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 59 ആപ്പുകളുടെ നിരോധനം വന്ന ശേഷവും ഗൂഗിള്‍ പ്ലേ സ്റ്റോറുകളിലും ആപ്പ് സ്റ്റോറിലും നേരത്തെ ആപ്ലിക്കേഷന്‍ ലിസ്റ്റിംഗ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും പിന്‍വലിച്ച മട്ടാണ്. ഇനി ടിക് ടോക്കില്‍ ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. ലോഗിന്‍ ചെയ്തവര്‍ക്ക് അവരുടെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമോ എന്നത് വ്യക്തമല്ല.

അതേസമയം ടിക്ക് ടോക്ക് അതിന്റെ വെബ്സൈറ്റിലും അപ്ലിക്കേഷനിലും പുതിയ സന്ദേശം കാണിച്ചുതുടങ്ങി. സേവനം നിര്‍ത്തിവെക്കുന്നതോടൊപ്പം നല്‍കിയ നോട്ടിഫിക്കേഷനില്‍ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കുകയാണ് എന്ന് ടിക് ടോക്ക് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ സുരക്ഷയും സ്വകാര്യതയും ഉറപ്പ് നല്‍കുമെന്നും ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും തങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും ടിക് ടോക്ക് പറഞ്ഞു.

ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയം സംബന്ധിച്ച് സര്‍ക്കാരുമായി സംസാരിക്കുകയാണെന്ന് ടിക് ടോക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഇന്ത്യന്‍ നിയമപ്രകാരം എല്ലാ ഡാറ്റാ സ്വകാര്യതയും സുരക്ഷാ ആവശ്യകതകളും ടിക്ക് ടോക്ക് പാലിക്കുന്നുണ്ട്, മാത്രമല്ല ഇന്ത്യയിലെ ഞങ്ങളുടെ ഉപയോക്താക്കളുടെ ഒരു വിവരവും ചൈനീസ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും വിദേശ സര്‍ക്കാരുമായി പങ്കുവച്ചിട്ടില്ല. മാത്രമല്ല, ഭാവിയില്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചാല്‍ ഞങ്ങള്‍ ചെയ്യില്ല അതിനാല്‍ ഉപയോക്തൃ സ്വകാര്യതയ്ക്കും സമഗ്രതയ്ക്കും ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു, ”ഇന്ത്യയിലെ ടിക്ക് ടോക്ക് മേധാവി നിഖില്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ സൈബര്‍സ്‌പേസ് സുരക്ഷയെ കേന്ദ്രീകരിച്ചുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നിരോധനം വന്നത്. ലഡാക്കില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തിലും ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷിത്വം വരിച്ച പശ്ചാത്തലത്തിലുമാണിത്.