വീണ്ടും അപകടത്തില്‍പെട്ട് കുടിയേറ്റ തൊഴിലാളികള്‍; ഇന്ന് മാത്രം മരിച്ചത് 29 പേര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഔരിയ്യ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനപകടത്തിന് പിന്നാലെ മധ്യപ്രദേശിലും കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബന്ദയ്ക്ക് സമീപം ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചത്. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

”തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോവുകയായിരുന്നെന്ന്,” പോലീസ് സൂപ്രണ്ട് പ്രവീണ്‍ ഭൂരിയ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഔരിയ്യ ജില്ലയില്‍ റോഡപകടത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ബന്ദയിലും അപകടമുണ്ടായത്. ഔരിയ്യിലെ അപകടത്തില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാജസ്ഥാനില്‍ നിന്ന് യുപിയിലേക്ക് 50 ഓളം കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രെയിലര്‍ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഓറയ്യ ജില്ലയിലെ മിഹൗലി പ്രദേശത്ത് വെച്ച് ഡല്‍ഹിയില്‍ നിന്നും വരുന്ന വാന്‍ യാത്രക്കിടെ വാന്‍ കൂട്ടിയിടിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍പെട്ടവരില്‍ ഭൂരിഭാഗവും ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന്, ഔരിയ്യ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിംഗ് പറഞ്ഞു.

”ഇരുപത്തിനാല് പേരെ മരിക്കുകയായിരുന്നു, 22 പേരെ പ്രവേശിപ്പിച്ചു, ഗുരുതരമായി പരിക്കേറ്റ 15 പേരെ സൈഫായ് പിജിഐയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്,” ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അര്‍ച്ചന ശ്രീവാസ്തവ പറഞ്ഞു.

അപകടകാരണം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
24 തൊഴിലാളികളുടെ മരണവും നിരവധി പേര്‍ക്ക് പരിക്കേറ്റ വാര്‍ത്തയും എന്നെ വേദനിപ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 24 ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ജോലിയില്ലാതായ ദശലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളില്‍നിന്നും അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചത്. ഇതിനിടെ നിരവധി പേരാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം മാത്രം മൂന്ന് അപകടങ്ങളിലായി 15 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. മെയ് എട്ടിന് മഹാരാഷ്ട്രയില്‍ നിന്നും ഔറംഗബാദിലേക്ക് തിരിച്ച 16 തൊഴിലാളികള്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി മരിച്ചിരുന്നു.