വില്ലിങ്ടണ്‍: വൈറസിനെ പ്രതിരോധിക്കുന്നതില്‍ മാതൃക കാട്ടിയ ന്യൂസിലന്‍ഡില്‍ 102 ദിവസത്തെ ഇടവേളക്കൊടുവില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് കണ്ടെത്തിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചു.
പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്ലാന്‍ഡില്‍ ബുധനാഴ്ച ഉച്ച മുതല്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ അലേര്‍ട്ട് ലെവല്‍ 3 ലേക്ക് മാറ്റുമെന്നും ആര്‍ഡെര്‍ന്‍ പറഞ്ഞു. ആളുകളോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുമെന്നും ബാറുകളും മറ്റ് നിരവധി ബിസിനസ്സുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓക്ക്ലന്‍ഡില്‍ കോവിഡ് ബാധിച്ചവര്‍ക്ക് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. അതിനാല്‍തന്നെ ലെവല്‍ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിട്ടുള്ളത്.
”ഈ മൂന്ന് ദിവസങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഞങ്ങള്‍ക്ക് വ്യാപകമായ കോണ്‍ടാക്റ്റ് ട്രെയ്സിംഗ് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സമയമാണ്. പുതിയ കേസ് എങ്ങനെ ഉടലെടുത്തു എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനും കഴിയുമെന്നും,” ചൊവ്വാഴ്ച വൈകിട്ട് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ അര്‍ഡെര്‍ന്‍ പറഞ്ഞു.
ഈ അറിയിപ്പ് നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നറിയാം, എന്നാല്‍ നമ്മള്‍ അത്തരമൊരു വ്യാപനത്തിലേക്ക് നീങ്ങാതിരിക്കാനാണിത്. നിങ്ങള്‍ എല്ലാവരും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആളുകള്‍ അതിന് തയാറാകാത്തപക്ഷം ഓക്ലന്‍ഡിലേക്കുള്ള യാത്ര നിരോധിക്കുമെന്നും, പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.
അതേസമയം, രാജ്യത്തിന്റെ ബാക്കി ഭാഗങ്ങള്‍ വെള്ളിയാഴ്ച മുതല്‍ ലെവല്‍ 2 ലേക്ക് ഉയര്‍ത്തുമെന്ന് അര്‍ഡെര്‍ന്‍ പറഞ്ഞു. അതായത് ബഹുജന സമ്മേളനങ്ങള്‍ 100 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ആളുകള്‍ പരസ്പരം സാമൂഹികമായി അകലം പാലിക്കേണ്ടതുണ്ടെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡെര്‍ന്‍ പറഞ്ഞു.