കെ.കെ ഉസ്മാന്
ദുബൈ: നാടെത്താനുള്ള ശ്രമം അവിചാരിതമായി മുടങ്ങി ദുബൈ വിമാത്താവളത്തില്‍ നിന്നും നിരാശയോടെ താമസ്ഥലത്തേക്ക് മടങ്ങിയ മട്ടന്നൂര്‍ പെരിയയിലെ അഫ്സല് നടന്നു കയറിയത് ജീവിതത്തിലേക്ക്. പറക്കാനിക്കെ വിസയിലെ സാങ്കേതിക പ്രശ്നം കാരണം അവസാനം യാത്രമുടങ്ങിയതാണ് അഫ്സലിനെ അപകടത്തില്‍ നിന്നും തിരിച്ചെടുത്തത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് പുറപ്പെടേണ്ട വിമാനത്തില്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാരനായിരുന്നു അഫ്സല്. ഇതിനായി സാധനങ്ങളുമായി രാവിലെ ഒന്‍പത് മണിയോടെ തന്നെ മട്ടന്നൂര്കാരന് വിമാനത്താവളത്തില്‍ എത്തിയിരുന്നു. എല്ലാപരിശോധനയും പൂര്‍ത്തിയാക്കുന്നതിനിടെയാണ് വിധിയായെത്തിയ അമളി തിരിച്ചറിഞ്ഞത്. വിസ കാലാവധി കഴിഞ്ഞിട്ടും 25 ദിവസം രാജ്യത്ത് താമസിച്ചതിനാല്‍ 1000 ദിര്‍ഹം പിഴ അടക്കണമെന്നായിരു്ന്നു വിധി. എന്നാല്‍ അധികൃതര്‍ ചുമത്തിയ തുകക്ക് പകരം കയ്യിലുളളതാവട്ടെ 50 ദിര്‍ഹവും. തുടര്‍ന്ന് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് പണവുമായി തിരുച്ചെത്തിയപ്പോഴേക്കും സമയം പത്ത് മിനുട്ട് കഴിഞ്ഞിരുന്നു. പിഴ അടച്ച് അകത്തേക്കു കയറിയപ്പോഴേക്കും സമയം വൈകിതോടെ വിമാനത്തിന്റെ വാതില്‍ അടച്ചു. അങ്ങനെ യാത്രയും മുടക്കി.
എന്നാല്‍ അടുത്ത വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റാമെന്നു കരുതിയെങ്കിലും വന്ദേഭാരത് മിഷനിലുള്ള വിമാനമായതിനാല്‍ പുതിയ ടിക്കറ്റ് എടുത്തു യാത്രചെയ്യണമെന്നായിരുന്നു എമിഗ്രേഷന്‍ വിഭാഗത്ത് നിന്നുള്ള നിര്‍ദേശം. ഇതോടെ ഒന്നര മണിക്കൂറോളം ടെര്‍മിനലില്‍ കഴിഞ്ഞ അഫ്സല് ഏറെ നിരാശനായി മടങ്ങുകയായിരുന്നു. വിസാകാലാവധി കഴിഞ്ഞു ജോലി നഷ്ടപ്പെട്ടതും ടിക്കറ്റിന്റെ പണം നഷ്ടപ്പെട്ടതുമായ വലിയ ദുഃഖവുംപേറി ടെര്മിനലിരുന്ന യുവാവിനെ ബന്ധുഎത്തിയാണ് ദേരയിലെ താമസസ്ഥലത്തേക്കു എത്തിച്ചത്. റൂമില്‍ ഭക്ഷം കഴിച്ചു കിടന്നുറങ്ങിയ ശേഷം ഏറെ കഴിഞ്ഞു ഉണര്‍ന്നപ്പോഴാണ് വിമാനദുരന്തമുണ്ടായത് അറിയുന്നത്. പിന്നാലെ വാട്സ്ആപ്പ് നോക്കിയപ്പോള്‍ നാട്ടില്‍ നിന്നും ദുബൈയില്‍ നിന്നും നിരവധി സുഹൃത്തുക്കള്‍ ബന്ധപ്പെട്ടത് ശ്രദ്ധയില്‍പെട്ടു. ഇതു തന്റെ രണ്ടാം ജന്മമാണെന്ന്് അഫ്സല് പറഞ്ഞു. സഹോദരന് മരിച്ചതു കാരണം ഏറെ ദു:ഖത്തോടെ കഴിയുന്ന മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ് തനിക്ക് ജീവന് ലഭിച്ചതെന്ന് അഫ്സല് പറയുന്നു…