കോഴിക്കോട്; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് വിവരിച്ച് കണ്ണൂര്‍ സ്വദേശി അഫ്സല്. വിവാഹ ഒരുക്കത്തിനായാണ് കണ്ണൂര്‍ സ്വദേശിയായ അഫ്സല് നാട്ടിലേക്ക് പോരാന്‍ ഒരുങ്ങിയത്. എന്നാല്‍ കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ കഴിയാതിരുന്നതോടെ വിമാനത്തില്‍ കയറാന്‍ അഫ്സലിന് ആയില്ല. കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്ന് മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്സല് (27) രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
അപകടത്തില്‍പ്പെട്ട ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ കയറാന്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതാണ് അഫ്സലിനു തുണയായത്. യാത്രയ്ക്കായി നേരത്തെ വിമാനത്താവളത്തില്‍ എത്തിയിരുന്നെങ്കിലും വിസ കാലാവധി തീര്‍ന്ന വിവരം അറിയുന്നത് ദുബായ് വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ്. താമസസ്ഥലത്തേക്ക് തിരിച്ചുപോയി ഇതുമായി ബന്ധപ്പെട്ട രേഖകളെടുത്ത് തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു.
വിമാനത്തില്‍ കയറാനാവാത്തതിന്റെ നിരാശയില്‍ ഇരിക്കുമ്പോഴാണ് വിമാന അപകടത്തെക്കുറിച്ച് അറിയുന്നത്. അപകടം അറിഞ്ഞ ബന്ധുക്കള്‍ ഉടന്‍ അഫ്സലിനെ ഫോണില്‍ ബന്ധപ്പെട്ടു. ഒരു വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിക്കു പോയത്. കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായാണ് നാട്ടിലേക്ക് പുറപ്പെട്ടത്.