അഫ്‌സല്‍ഗുരുവിന്റെ നടന്നില്ല; മറ്റു തൂക്കിലേറ്റപ്പെട്ടവരുടെ അന്ത്യാഭിലാഷങ്ങള്‍ ഇങ്ങനെ…

നിര്‍ഭയ കേസിലെ പ്രതികളെ വധശിക്ഷക്ക് വിധേയമാക്കാനിരിക്കുന്ന സന്ദര്‍ഭത്തില്‍ മുമ്പ് വധശിക്ഷക്ക് വിധേയമായവരുടെ അന്ത്യാഭിലാഷങ്ങള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. തൂക്കിലേറ്റാന്‍ സമയമാവുമ്പോള്‍ അന്ത്യാഭിലാഷം എന്തെങ്കിലുമുണ്ടോന്ന് ചോദിക്കുന്നത് ഇന്ത്യന്‍ ജയിലുകളിലെ കീഴ് വഴക്കമാണ്. എന്നാല്‍ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അന്ത്യാഭിലാഷം ഒന്നുമില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഫ്‌സല്‍ ഗുരു, ധനഞ്ജയ് ചാറ്റര്‍ജി, യാക്കൂബ് മേമന്‍, അജ്മല്‍ കസബ് എന്നിവരുടെ അന്ത്യാഭിലാഷങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനയില്‍ ഭാഗമായി എന്ന കുറ്റത്തിനാണ് അഫ്‌സല്‍ഗുരു ശിക്ഷിക്കപ്പെടുന്നത്. അവസാനമായി ഒരു കപ്പ് ചായയാണ് അഫ്‌സല്‍ഗുരു ആവശ്യപ്പെട്ടത്. പിന്നീട് വീണ്ടും ചായ ആവശ്യപ്പെട്ടുവെങ്കിലും ചായവിതരണക്കാരന്‍ പോയതുകൊണ്ട് അത് സാധിപ്പിക്കാനായില്ല. പിന്നീട് തീഹാര്‍ ജയിലില്‍ അഫ്‌സല്‍ഗുരു തൂക്കിലേറ്റപ്പെടുകയായിരുന്നു.

സഹോദരന്‍ ടൈഗര്‍ മേമന്റെ കൂടെ ചേര്‍ന്ന് 1993-ല്‍ മുംബൈയില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് യാക്കൂബ് മേമന്റെ കുറ്റം. തന്റെ മകളെ കാണണം എന്നായിരുന്നു അന്ത്യാഭിലാഷം. എന്നാല്‍ നേരില്‍ കാണാന്‍ നാഗ്പൂര്‍ ജയിലധികൃതര്‍ അനുവാദം നല്‍കിയില്ല. ഫോണില്‍ സംസാരിക്കാനായിരുന്നു അനുവാദം നല്‍കിയത്. തുടര്‍ന്ന് തൂക്കിലേറ്റി.

2011-ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്നു അജ്മല്‍ കസബ്. വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച അജ്മല്‍ കസബിന് അന്ത്യാഭിലാഷങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ തൂക്കിലേറ്റുന്ന തിയ്യതി അടുത്തപ്പോള്‍ കസബിന് പ്രാണഭയം ഉണ്ടായിരുന്നു. മാനസിക സംഘര്‍ഷം അനുഭവിച്ചാണ് യേര്‍വാഡ് ജയിലില്‍ തൂക്കിലേറിയത്.

കൊല്‍ക്കത്തയിലെ പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹേതല്‍ പാരീഖിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് ധനഞ്ജയ് ചാറ്റര്‍ജിക്ക് വധശിക്ഷ കിട്ടിയത്. ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്ന കുറ്റം പൊലീസ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിക്കുമുന്നില്‍ തെളിയിച്ചത്. എന്നാല്‍, തൂക്കിലേറ്റപ്പെടുന്ന ദിവസം വരെ ചാറ്റര്‍ജി താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ധനഞ്ജയ് ചാറ്റര്‍ജി തൂക്കിലേറ്റപ്പെടും മുമ്പ് ഒരു അന്ത്യാഭിലാഷം അറിയിച്ചു. അത് ജയില്‍ ഡോക്ടറായ ബസുദേബ് മുഖര്‍ജിയുടെ കാല്‍പാദങ്ങള്‍ തൊട്ടുവണങ്ങണം എന്നതായിരുന്നു. തൂക്കിലേറ്റാന്‍ കൊണ്ടുപോകും മുമ്പ് ഭക്തിഗാനങ്ങളുടെ റെക്കോര്‍ഡ് വെച്ച് കേള്‍പ്പിക്കണം എന്നും അയാള്‍ ആവശ്യപ്പെട്ടിരുന്നു. ആ രണ്ടാഗ്രഹങ്ങളും ആലിപ്പൂര്‍ ജയില്‍ അധികൃതര്‍ ധനഞ്ജയ് ചാറ്റര്‍ജിയെ തൂക്കിലിടും മുമ്പ് സാധിച്ചുനല്‍കി.