വിമാനയാത്രക്കിടെ കുഞ്ഞ് കയ്യിലിരുന്ന് മരിച്ചു

ചെന്നൈ: വിമാനയാത്രക്കിടെ കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചു. ശക്തി മുരുകന്‍- ദീപ എന്നീ ദമ്പതികളുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. ചെന്നൈ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്.

കുട്ടി തളര്‍ന്നുറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ ചെന്നൈയില്‍ എത്തിയ ശേഷം മകനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി ഉണരാതിരുന്നത്. ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ ശരീരം നീല നിറത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. താംബരം സ്വദേശികളാണ് ദമ്പതികള്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശക്തി മുരുകനും ഭാര്യ ദീപയും. മെല്‍ബണില്‍ നിന്ന് ക്വാലാലംപൂര്‍ വഴിയാണ് ഇവര്‍ ചെന്നൈയിലെത്തിയത്.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോയി. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

SHARE