മാലിന്യം കളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിയേറ്റ അഭിഭാഷകന്‍ മരിച്ചു

രാത്രി മാലിന്യം കളയാന്‍ വീടിനു പുറത്തിറങ്ങിയ അഭിഭാഷകന്‍ ആശുപത്രിയില്‍ മരിച്ചു. കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ ഏബ്രഹാം വര്‍ഗീസ് (65) ആണു ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

വീടിനു കുറച്ചകലെയുള്ള സ്ഥലത്തു ഏബ്രഹാം മാലിന്യം കളഞ്ഞത് കണ്ട തൊട്ടടുത്ത വീട്ടിലെ യുവാവ് രണ്ടു സുഹൃത്തുക്കളെ വിളിച്ചു വരുത്തി രണ്ടു ബൈക്കുകളിലായി ഏബ്രഹാമിനെ പിന്തുടരുകയായിരുന്നു. ഏബ്രഹാമിന്റെ വീടിനടുത്തുള്ള വളവില്‍ വച്ചു ബൈക്കുകള്‍ കുറുകെ നിര്‍ത്തി ഏബ്രഹാമിനെ തടഞ്ഞു. ഏബ്രഹാമിന്റെ ഹെല്‍മെറ്റ് അഴിച്ച് അതുകൊണ്ടു തലയ്ക്കടിച്ചു. ബോധരഹിതനായി ഏബ്രഹാം പിന്നോട്ടു വീണു. തുടര്‍ന്നു പ്രതികള്‍ ഏബ്രഹാമിനെ സ്‌കൂട്ടറില്‍ കുറുകെ കിടത്തി അടുത്തുള്ള സ്വകാര്യ നഴ്‌സിങ് ഹോമിലെത്തിച്ചെങ്കിലും അവിടെ സ്വീകരിച്ചില്ല. അപകടമുണ്ടായെന്നാണ് പ്രതികള്‍ ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്നാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് എബ്രഹാം മരിക്കുകയായിരുന്നു.

SHARE