കൊറോണ; ആയത്തുള്ള ഖുമേനിയുടെ ഉപദേഷ്ടാവ് മരിച്ചു

തെഹ്‌റാന്‍: കൊറോണ ബാധിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയുടെ ഉപദേശകന്‍ മുഹമ്മദ് മിര്‍ മുഹമ്മദ് അലി (71) മരിച്ചു. ഇറാന്‍ എക്‌സ്‌പെഡന്‍സി കൗണ്‍സിലംഗമാണ് മുഹമ്മദ് മിര്‍ മുഹമ്മദലിയുടെ മരണവിവരം തിങ്കളാഴ്ചയാണ് ഇറാന്‍ റേഡിയോ പുറത്തുവിട്ടത്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇറാന്‍. കോവിഡ് 19 മൂലം ഇതുവരെ 66 മരണമാണ് ഇറാനില്‍ സംഭവിച്ചത്. 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറാനിലെ ആരോഗ്യ സഹമന്ത്രി ഇറാജ് ഹാരിര്‍ഷിക്കും വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്‍ വൈസ് പ്രസിഡന്റ് മസൗബേ എബ്‌റ്റേക്കറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗം ഗുരുതരമല്ലെന്നും വൈസ് പ്രസിഡന്റിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണു റിപ്പോര്‍ട്ടുകള്‍.

അതേസമയം, കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തില്‍ ഇറാന് ലോകാരോഗ്യ സംഘടനയില്‍ നിന്നും സഹായമെത്തി. എട്ട് ടണ്‍ മരുന്നുകളും ടെസ്റ്റ് കിറ്റുകളും ഉള്‍പ്പെടെ ആദ്യ പ്ലാന്‍ലോഡ് സഹായമാണ് ഇറാന് ലഭിച്ചത്. സഹായ വസ്തുക്കളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സൈനിക വിമാനം ടെഹ്‌റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയതായി ഐആര്‍എന്‍എ അറിയിച്ചു. വൈറസ് കൈകാര്യം ചെയ്യുന്നത് പരിശോധിക്കാന്‍ യുഎന്‍ ആരോഗ്യ ഏജന്‍സിയുടെ പ്രതിനിധികളും ഇറാനിലെത്തിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഇക്കാര്യം ട്വീറ്റ് ചെയ്തു.

https://twitter.com/DrTedros/status/1234499986114719744

അതേസമയം ഇറ്റലിയിലും അമേരിക്കയില്‍ തുടര്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ 52 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കോവിഡ്19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് ഇന്നലെ അമേരിക്കയില്‍ മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 75 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലും കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയ്ക്ക് പുറത്ത് ഏറ്റവുധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചിട്ടുള്ളത്.
അതേസമയം ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് പരിശോധനകള്‍ കര്‍ശനമാക്കി.