മിസ്റ്റര്‍ യതീഷ് ചന്ദ്ര ഐ.പി.എസ്, നിങ്ങള്‍ ഭരത് ചന്ദ്രന്‍ ആവുന്നത് നിര്‍ത്തണം; പൊലീസ് നടപടിക്കെതിരെ അഡ്വക്കേറ്റ് സാജല്‍

കണ്ണൂര്‍: കണ്ണൂരില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ നല്‍കി പൊലീസ്. വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെയാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് ഏത്തമിടീപ്പിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടി കര്‍ഫ്യൂ ലംഘിച്ചത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് രണ്ടുകേസുകളാണ് കണ്ണൂരില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് മീന്‍ വാങ്ങാന്‍ പത്തുകിലോമീറ്റര്‍ അകലേക്ക് പോകാന്‍ ശ്രമിച്ചതിനാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അളുകള്‍ക്ക് കൂട്ടംകൂടാതെ പുറത്തിറങ്ങാന്‍ ഏഴ് മുതല്‍ അഞ്ചു വരെ സമയം കൊടുത്തിട്ടുണ്ടെന്നിരിക്കെ പൗര അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പൊലീസ് നടത്തുന്ന അക്രമനടപടികള്‍ക്കെതിരെ വിര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്.

അതേസമയം, ആളുകളെ ഏത്തമിടീച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ വിശദീകരണം തേടി. അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക.

ഇത് ശരിയായ രീതിയല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഏത്തമിടീക്കലിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഡി.ജി.പി. പ്രതികരിച്ചു. ആദ്യം റിപ്പോര്‍ട്ട് വരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമങ്ങളെയും അവകാശങ്ങളെയും ഗൗനിക്കാതെ യതീഷ് ചന്ദ്ര ഐപിഎസ് നടത്തിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയായ പിഇ സാജല്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്.

സാജല്‍ ഫെയ്‌സ് കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം..

മിസ്റ്റര്‍ യതീഷ് ചന്ദ്ര ഐപിഎസ്;
നിങ്ങള്‍ ഭരത് ചന്ദ്രന്‍ ഐപിഎസ് ആവുന്നത് നിര്‍ത്തണം.

നല്ല രീതിയില്‍ കഷ്ടപാടുകള്‍ സഹിച്ച് ജോലി നോക്കുന്ന പോലിസ് സേനയിലെ നല്ല ഉദ്യോഗസ്ഥര്‍ക്ക് ബഹുമാനങ്ങളോടെ……

നേരാണ് ലോക് ഡൗണ്‍ സമയമാണ്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം ഉണ്ട്. പക്ഷേ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ ഏഴ് മുതല്‍ അഞ്ചു വരെ സമയം കൊടുത്തിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പറഞ്ഞത് ഈ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആണ്.

മുഖ്യമന്ത്രിയേക്കാള്‍ മേലെ ആണോ നിങ്ങള്‍.

നാട്ടിലെ നിയമം ജനങ്ങള്‍ അനുസരിക്കുന്നില്ലിങ്കല്‍ അത്,അനുസരിപ്പിക്കുന്നതിനും നിയമലംഘനം കണ്ടാല്‍ അതിനെതിരെ നടപടിയെടുക്കാനും കേസെടുത്തു ജയിലില്‍ അടക്കാനും , മറ്റും പോലീസിന് അധികാരം ഉണ്ട് .

പക്ഷേ ഈ രാജ്യത്തെ ഭരണഘടന നല്‍കുന്ന പൗരന്റെ , പൗര അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍, അവന്‍ കൂലി പണിക്കാരനാണേലും ഏത് കോര്‍പ്പറേറ്റ് മുതലാളി ആയാലും , നിലവിലെ നിയമത്തില്‍ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് അംഗീകരിച്ചു നല്‍കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. നക്ഷത്രത്തിന്റെ എണ്ണം കൂടുതലുള്ള ഏത് ഏമാനായാലും.

ഈ രാജ്യത്തെ നിയമങ്ങള്‍ക്ക് മുകളിലല്ല മിസ്റ്റര്‍ യതീഷ് ചന്ദ്ര നിങ്ങള്‍.
ഒരു കാര്യം കോടതികള്‍ അടച്ചിട്ടിരിക്കുന്നത് തത്കാലത്തേക്കാണ്.
ആ വാതിലുകള്‍ ഏപ്പോള്‍ വേണമെങ്കിലും തുറക്കും.

ഓര്‍മ വേണം
ഐ പ്പി എസ് സാറേ…..

…….
അതേസമയം, എല്ലാദിവസവും നൂറോളം കേസുകള്‍ എടുക്കുന്നുണ്ടെന്നും എന്നാല്‍ കേസ് എടുത്തിട്ടും ആളുകള്‍ക്ക് വീടിനകത്ത് ഇരിക്കുന്നില്ലെന്നും യതീഷ് ചന്ദ്ര പ്രതികരിച്ചു. കൊറോണയുടെ ഗൗരവം ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. മൂന്നുനാലുദിവസം വളരെ മാന്യമായി വീടിനു പുറത്തുവരരുതെന്ന് എല്ലാവരോടും പറഞ്ഞു. എന്നാല്‍ ആര്‍ക്കും സീരിയസ്നെസ് ഇല്ല. വയസായ ആളുകളായിരുന്നു അവര്‍. അവരെ അടിച്ചോടിക്കാന്‍ പറ്റില്ല. അത് ചെയ്യാനും പാടില്ല. അവര്‍ വീട്ടിലിരിക്കുകയും വേണം. നാട്ടുകാര്‍ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം. ആളുകള്‍ വീട്ടില്‍ ഇരിക്കുന്നതേയില്ല. ആളുകള്‍ ബോധവാന്മാരാകുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയതത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE