കൊറോണ: പൃഥ്വിരാജിന്റെ ‘ആടുജീവിത’ത്തിലെ ഒമാന്‍ നടന്‍ നിരീക്ഷണത്തില്‍

മസ്‌കത്ത്: ലോകമെമ്പാടും വ്യാപകമായി കൊറോണ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണ സ്ഥലത്തുനിന്നും ചില കൊറോണയുടെ ചില വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നിരവധി പൃഥ്വിരാജ് നായകനാവുന്ന’ആടുജീവിത’ത്തില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനിലെ ഹോട്ടലില്‍ നിരീക്ഷണത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍, ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

‘കോവിഡ് ഭീതിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനില്‍ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വെക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്. അദ്ദേഹം ഉള്‍പ്പെടാത്ത സീനുകളുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം സുരക്ഷിതരാണ്’ സിനിമയുടെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമാനില്‍ നിന്ന് വരുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് ഡോ. താലിബിനെ ജോര്‍ദാന്‍ അധികൃതര്‍ ചാവുകടലിന് അടുത്തുള്ള റമദ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജോര്‍ദാനില്‍ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലക്ക് മാര്‍ച്ച് 31 വരെ ജോര്‍ദാനില്‍ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഒരാഴ്ച മുമ്പാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയില്‍ തുടങ്ങിയത്. അവിടെ ‘ആടുജീവിത’വുമായി ബന്ധപ്പെട്ട ആളുകള്‍ മാത്രമേയുള്ളൂയെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.