മോദിയുടെ ലോക്ക്ഡൗണും ബാധകമായില്ല; നവരാത്രി ഉത്സവത്തിന് തുടക്കംകുറിച്ച് യോഗി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് സാമൂഹിക അകലം പാലിക്കാന്‍ കടുത്തു നിയന്ത്രണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ദേശീയ ലോക്ക്ഡൗണിനെ ഗൗനിക്കാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എന്നാ പരിപാടികളും ഒഴിവാക്കാനും വീടുകള്‍ക്കുള്ളില്‍ ഒതുങ്ങാനുമായുള്ള പ്രധാനമന്ത്രിയുടെ അപ്പീലിന് 12 മണിക്കൂറിനുള്ളിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമജന്മഭൂമിയിലെ ചടങ്ങിനായി അയോദ്ധ്യയിലെത്തിയത്.

ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവത്തിന്റെ ആദ്യദിനമായ ബുധനാഴ്ച പുലര്‍ച്ചെ 4.30ന് നടന്ന ചടങ്ങുകള്‍ക്കാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിനേതൃത്വം നല്‍കിയത്. ന്യൂഡല്‍ഹി, അയോധ്യ, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പുരോഹിതന്മാര്‍ ചടങ്ങില്‍ പങ്കെടുത്ത ചടങ്ങില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ഭാഗമായി രാമജന്മഭൂമിയിലെ ക്ഷേത്രത്തില്‍നിന്ന് പ്രതിഷ്ഠയായ രാം ലല്ലയെ മാനസ് ഭവനു സമീപമുള്ള താത്കാലിക ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.

അയോധ്യയിലെ തകര ഷെഡില്‍ സൂക്ഷിച്ചിരുന്ന രാമവിഗ്രഹം, ക്ഷേത്ര മാതൃകയിലുള്ള താല്‍ക്കാലിക ഫൈബര്‍ കൂടാരത്തിലേക്കു മാറ്റുകയാണുണ്ടാത്. പുരോഹിതന്മാര്‍ കുറിച്ച് നല്‍കിയ മൂഹൂര്‍ത്തത്തിലാണ് താല്ക്കാലിക ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം പല്ലക്കില്‍ പുറത്തേക്ക് ആനയിച്ചത്. മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം നാലുപേര്‍ ചേര്‍ന്നാണ് താല്‍ക്കാലിക ക്ഷേത്രത്തിലേക്ക് എത്തിച്ചത്.
ഇവിടെ തിങ്കളാഴ്ച രാവിലെ മുതല്‍ വേദകര്‍മങ്ങള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുംവരെ പ്രതിഷ്ഠ അവിടെ തുടരാനാണ് സാധ്യത.

ഒരാള്‍പോലും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി കൈകൂപ്പി അഭ്യര്‍ഥിക്കുകയും ചെയ്‌തെങ്കിലും വിലക്ക് ലംഘിച്ച യുപി മുഖ്യമന്ത്രി, പ്രധാനമന്ത്രി പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ലോക്ക്ഡൗണും നിലനില്‍ക്കെ നടത്തിയ പൊതുചടങ്ങിന്റെ ദൃശ്യങ്ങള്‍ പരസ്യമാക്കാനും മടികാണിച്ചിട്ടില്ല. നവരാത്രി ഉത്സവത്തിന് തുടക്കംകുറിക്കുന്ന ചിത്രങ്ങള്‍ യോഗി തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി അയോധ്യയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നവരാത്രി ആഘോഷത്തിന്റെ ആദ്യദിവസം തന്നെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമിടുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ വന്‍ വിവാദമാണ് ഉയരുന്നത്.

ചൊവ്വാഴ്ച അർധരാത്രി മുതൽ 21 ദിവസം രാജ്യം പൂർണമായി അടച്ചിടുമെന്നാണു (സമ്പൂർണ ലോക്ക് ഡൗൺ) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഓരോ ഇന്ത്യക്കാരനും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ച് വീട്ടിലിരിക്കണം. ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങരുത്. ആളുകള്‍ കൂട്ടംചേരുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കണം. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ അടച്ചിടാനും കേന്ദ്ര സർക്കാർ ‌നിര്‍ദേശിച്ചിരുന്നു