അടിമാലിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടിമാലിയില്‍ കാണാതായശേഷം വീട്ടില്‍ തിരിച്ചെത്തിയ ആദിവാസിപ്പെണ്‍കുട്ടികളില്‍ ഒരാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ അവശനിലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി വാളറ കുളമാംകുഴി ആദിവാസിക്കോളനിയിലെ 17 വയസ്സുകാരിയെയാണ് വീടിനുസമീപത്തെ മരത്തില്‍ ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപവാസിയായ 21കാരിയെ വീടിനുള്ളില്‍ അവശനിലയിലും കണ്ടെത്തി. ജൂണ്‍ 11ന് രാവിലെമുതലാണ് ഇരുവരെയും കാണാതായത്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇരുവരും നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതേച്ചൊല്ലി ഇവരെ വീട്ടുകാര്‍ പലപ്പോഴും ശകാരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 17 കാരിയെ വീട്ടുകാര്‍ വഴക്കുപറഞ്ഞു. ഇതോടെ സമീപവാസിയായ പെണ്‍കുട്ടിയെയുംകൂട്ടി 17 കാരി വീടുവിട്ടിറങ്ങി.ബന്ധുക്കള്‍ പെണ്‍കുട്ടികളുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചെങ്കിലും, എവിടെയാണെന്ന വിവരം പറഞ്ഞില്ല. വ്യാഴാഴ്ച സമീപത്തെ വനമേഖലയും പുഴയോരവും ബന്ധുക്കള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെയാണ് ബന്ധുക്കള്‍ അടിമാലി പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ, വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടികള്‍ ബന്ധുവും അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായ ദീപാ രാജീവിന്റെ വീട്ടിലെത്തി.

പെണ്‍കുട്ടികളെ ശനിയാഴ്ച രാവിലെ സ്‌റ്റേഷനിലെത്തിക്കാമെന്നും പറഞ്ഞു. ശനിയാഴ്ച രാവിലെ സ്‌റ്റേഷനില്‍ പോകാനായി വസ്ത്രം മാറാന്‍ ഇരുവരും വീടുകളിലേക്ക് പോയി. എന്നാല്‍, ഇവിടെനിന്ന് പോയ 17 കാരി വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. സമീപവാസിയായ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടി നിലത്തുവീഴുകയായിരുന്നു.

SHARE