സര്‍ക്കാരിന് രാജ്യത്തിന്റെ നല്ല ഭാവിയാണ് ഉദ്ദേശമെങ്കില്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആദിര്‍ രജ്ഞന്‍ ചൗധരി.നിലവില്‍ ഞങ്ങള്‍ ആശങ്കയിലാണ്, ഇന്ത്യയില്‍ ഹിന്ദു -മുസ്ലിം വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ദയനീയമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക്സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യ സഭയില്‍ അവതരിപ്പിക്കും. ഉച്ചയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ബംഗ്ലാദേശ്, പാക്കിസ്താന്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുകയും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുകയും ചെയ്യുന്ന ബില്ല് ലോക്സഭ കടന്നതോടെ രാജ്യസഭയും കടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ലോക്സഭയില്‍ ബില്ല് പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.
ദേശീയ പൗരത്വ ബില്‍ ഭേദഗതി ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായേക്കാവുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ പിന്തുണ കൂടി ബി.ജെ.പിക്കു വന്നാല്‍ ബില്ല് രാജ്യസഭയും കടന്ന് നിയമമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതേ സമയം ചെറു പാര്‍ട്ടികളെ ബില്ലിന് അനുകൂലമായ നിലപാട് എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് കോണ്‍ഗ്രസ് വലിയ തോതിലുള്ള ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവസേനയുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ട്.