“അദീബിന് സ്ഥിരംജോലി വാഗ്ദാനം ചെയ്തു”; മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതെല്ലാം കള്ളമെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള കുരുക്ക് മുറുക്കി കൂടുതല്‍ തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. അദീബിന്റെ ഡെപ്യൂട്ടേഷനില്‍ തട്ടിപ്പുണ്ടെന്നും ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്‍ സ്ഥിരംജോലി വാഗ്ദാനം ചെയ്താണ് കേരള സ്റ്റേറ്റ് മൈനോറീറ്റീസ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിയമിച്ചതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങള്‍ മുന്നാകെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ ശമ്പളത്തിനാണ് കെ.ടി അദീബ് സര്‍ക്കാര്‍ ജോലിയിലേക്ക് വന്നതെന്ന മന്ത്രി ജലീലിന്റെ വാദം കള്ളമാണെന്നും ബന്ധുവിനായി നടത്തിയെന്ന് പറയുന്ന ഡെപ്യൂട്ടേഷനില്‍ തന്നെ തട്ടിപ്പുണ്ടെന്നും ഫിറോസ് പറഞ്ഞു.

ഡെപ്യൂട്ടേഷനില്‍ എത്തിയെന്ന് പറയുന്ന കെ.ടി അദീബ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും രാജി വെച്ചിരുന്നുവെന്നും അദീബിന് മന്ത്രി പറഞ്ഞ ശമ്പളം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഇല്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു. 85000 രൂപ മാത്രമായിരുന്നു ബാങ്കില്‍ നിന്നും ലഭിച്ചിരുന്ന ശബളം. എന്നാല്‍ 86000 രൂപ ശബളത്തിനാണ് മന്ത്രി ബന്ധു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതെന്നും ഫിറോസ് വ്യക്തമാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് അദീബിന് ലഭിച്ചിരുന്നത് 110000 രൂപയായിരുന്നു എന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്.

ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചത് രാജിക്ക് ശേഷമാണ്. അദീബിന്റെ നിയമന രേഖകള്‍ പൂര്‍ണ്ണമായി മന്ത്രിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം രേഖകള്‍ കാണാന്‍ അനുമതിയില്ല. രേഖകള്‍ നശിപ്പിക്കാനുള്ള ഇടപെടലുകള്‍ നടക്കുന്നതായി സംശയം എന്നും പി.കെ. ഫിറോസ് പറഞ്ഞു.

86000 രൂപ ശബളത്തിന് ജോലിയില്‍ പ്രവേശിച്ച മന്ത്രിബന്ധു ഇതിനു പുറമെ തനിക്ക് കൂടുതല്‍ ആനുകുല്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് തനിക്കു ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും വേണമെന്നായിരുന്നു ആവശ്യം. 2,50,000 രൂപ വാര്‍ഷിക ബോണസ് വേണമെന്നും കൂടാതെ, പെട്രോള്‍, വിനോദം, വാഹനം തുടങ്ങിയ അലവന്‍സുകളും വേണം. കേരള സ്റ്റേറ്റ് മൈനോറീറ്റീസ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അലവന്‍സ് ഉള്‍പ്പെടുത്തിയാല്‍ അദീബിന്റെ ശമ്പളം 118304 രൂപയാകും.

ഉയര്‍ന്ന ശമ്പളം ഒഴിവാക്കിയാണ് അദീബ് കോര്‍പ്പറേഷനില്‍ എത്തിയതെന്നായിരുന്നു മന്ത്രി ജലീലിന്റെ വാദം. നേരത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഡെപ്യൂട്ടഷന് പോയ ആള്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നുവെന്നും അദീബ് വാദിച്ചിരുന്നു. ഒരുമാസം നൂറു ലിറ്റര്‍ പെട്രോളിനുള്ള പണം, ന്യൂസ് പേപ്പര്‍/പീരിയോഡിക്കല്‍സ് അലവന്‍സ് ആയി 550 രൂപ, വിനോദത്തിനായി മാസം 500 രൂപ എന്നിങ്ങനെയാണ് ആവശ്യങ്ങള്‍. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോളാണ് ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോര്‍പറേഷന് അപേക്ഷ നല്‍കിയത്. ബന്ധുനിയമന വിഷയത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതെല്ലാം കളവെന്നും പി.കെ. ഫിറോസ് പറഞ്ഞു. അദീബി​​​​​െൻറ രാജി റദ്ദാക്കി പുനഃപ്രവേശനം നൽകാൻ ബാങ്കിൽ ഉന്നതതല ഇടപെടൽ നടന്നുവെന്നും പി.കെ ഫിറോസ്​ ആരോപിച്ചു.