ദിലീപിനെ തിരിച്ചെടുക്കാന്‍ പറഞ്ഞിട്ടില്ലെന്ന് നടി ഊര്‍മ്മിള ഉണ്ണി

കോഴിക്കോട്: നടന്‍ ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാന്‍ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ഊര്‍മ്മിളഉണ്ണി. താനങ്ങനെ ആവശ്യപ്പെട്ടില്ലെന്ന് ഊര്‍മ്മിള ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദവിഷയത്തോടുള്ള നടിയുടെ പ്രതികരണം.

‘യോഗം അവസാനിക്കാറായ സമയത്ത് ഞാനൊരു ചോദ്യം ചോദിച്ചിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട് എന്നായിരുന്നു ഞാന്‍ ചോദിച്ചത്. എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഞാന്‍ അങ്ങനെ ചോദിച്ചത്. ഇത് മറ്റു താരങ്ങള്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിന് ആരും മറുപടി നല്‍കിയില്ല. എന്നാല്‍ തിരിച്ചെടുക്കണമെന്ന അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടോ എന്നതിന് എല്ലാവരും കയ്യടിക്കുകയായിരുന്നു. ഇതാണ് ഞാന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചരിച്ചത്. മാധ്യമങ്ങള്‍ ഇതുവളച്ചൊടിച്ച് നല്‍കുകയായിരുന്നു. ഞാന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയായിരുന്നു’- ഊര്‍മ്മിള പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം ഉയരുന്നത്. നടി ഊര്‍മ്മിള ഉണ്ണിയാണ് ആവശ്യം ഉന്നയിച്ചതെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിന് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സിനിമയിലെ വനിതാകൂട്ടായ്മയും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് താരത്തിന്റെ പ്രതികരണം.