ചലച്ചിത്ര മേള വിവാദം: കമലിന് വീണ്ടും മറുപടിയുമായി നടി സുരഭി ലക്ഷ്മി

ദേശീയ പുരസ്‌കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിശദീകരണവുമായെത്തിയ കമലിനെതിരെ വീണ്ടും വിമര്‍ശനവുമായി സുരഭിലക്ഷ്മി രംഗത്ത്. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് സുരഭിയെ ക്ഷണിക്കുന്ന കാര്യം പരിശോധിക്കാമെന്നായിരുന്നു കമലിന്റെ വിശദീകരണം. എന്നാല്‍ ഇതിന് മറുപടിയുമായി സുരഭി രംഗത്തെത്തി.

കമല്‍സാര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. സുരഭിയെപ്പോലെ ദേശീയ പുരസ്‌കാരം നേടിയ ഒരു നടിയെ ഔദ്യോഗിക ചടങ്ങുകളെല്ലാം റദ്ദാക്കിയ പ്രത്യേക സാഹചര്യത്തില്‍ വിളക്കെടുത്ത് കൊടുക്കാനും മറ്റും വിളിക്കുന്നത് ഔചിത്യമല്ലല്ലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. സമാപന ചടങ്ങിന് സുരഭിയെ വിളിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, എനിക്ക് ചോദിക്കാനുള്ളത് സമാപന ചടങ്ങിന് ക്ഷണിക്കണമെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത്? പ്രത്യേകിച്ച് എന്നെ അവഗണിച്ചു എന്ന വാര്‍ത്തകള്‍ ചര്‍ച്ചയായ സാഹചര്യത്തില്‍? മുന്‍കൂട്ടി ഒരു അറിയിപ്പ് പോലും തന്നിട്ടില്ല. നമ്മള്‍ വേറെ ജോലികള്‍ ഒന്നും ഇല്ലാതെ ഇരിക്കുകയല്ലല്ലോ?’ സുരഭി പറഞ്ഞു. എന്നാല്‍ സുരഭിക്ക് ചലച്ചിത്രമേളയുടെ കീഴ്‌വഴക്കങ്ങള്‍ അറിയാത്തതിന്റെ തെറ്റിദ്ധാരണയാണെന്നായിരുന്നു അക്കാദമി ചെയര്‍മാനായ കമലിന്റെ പ്രതികരണം.

2003-ല്‍ മീരാജാസ്മിന്് ശേഷം ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി ലക്ഷ്മി. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിനായിരുന്നു മീരാജാസ്മിന് പുരസ്‌കാരം.