‘മുസ്‌ലിം ആയതിനാല്‍ ആരും വീട് നല്‍കാന്‍ തയാറാവുന്നില്ല’; ദുരനുഭവം പങ്കുവെച്ച് സീരിയല്‍ നടി

മുംബൈ: മുസ്‌ലിം ആയതിനാല്‍ തനിക്ക് ആരും വീട് നല്‍കാന്‍ തയാറാവുന്നില്ലെന്ന് തുറന്നടിച്ച് സീരിയല്‍ നടി രംഗത്ത്.

ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ ഷിറീന്‍ മിര്‍സയാണ് ഫേസ്ബുക്കിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചത്. താന്‍ വീട് അന്വേഷിക്കുകയാണെന്നും എന്നാല്‍ മുസ്‌ലിം ആയതിനാല്‍ വീട് നല്‍കുന്നില്ലെന്നുമാണ് താരം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

വീടിനായി വിളിക്കുമ്പോള്‍ ആളുകള്‍ തന്നോട് ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിക്കാറുണ്ടെന്നും മുസ്‌ലിമാണെന്ന് പറഞ്ഞാല്‍ വീട് നല്‍കില്ലെന്നും താരം പറഞ്ഞു. പകരം ഏതെങ്കിലും ഹിന്ദു സുഹൃത്തുക്കളുടെ പേരില്‍ വീടെടുക്കാന്‍ പറയുമെന്നും അവര്‍ പറഞ്ഞു.

ആളുകളുടെ ചോരയില്‍ എന്തു വ്യത്യാസമാണുള്ളതെന്നും മുംബൈ പോലൊരു കോസ്‌മോപൊളിറ്റന്‍ സിറ്റിയില്‍ മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നുവെന്നത് തന്നെ ഞെട്ടിച്ചുവെന്നും താരം പറഞ്ഞു.

‘ മുംബൈയില്‍ വീട് കിട്ടാന്‍ ഞാന്‍ അര്‍ഹയല്ല, കാരണം ഞാന്‍ മുസ്‌ലിമും അവിവാഹിതയും നടിയുമാണ്. ഞാനൊരു അഭിനേത്രിയാണ്. ഞാന്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യില്ല. എനിക്ക് ക്രിമിനല്‍ പശ്ചാത്തലവുമില്ല. പിന്നെങ്ങനെ എന്റെ പ്രൊഫഷന്‍ വെച്ച് എന്നെ അവര്‍ വിലയിരുത്തും. പിന്നെ അവര്‍ പറയുന്നത് അവിവാഹിതയായതിനാല്‍ വീട് ലഭിക്കില്ലെന്നാണ്. അതെന്താ കുടുംബമായിട്ട് താമസിക്കുന്നവര്‍ ബഹളമുണ്ടാക്കാറില്ലെ?’ യേ ഹേന്‍ മൊഹബത്തേന്‍ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയായ ഷിറിന്‍ ചോദിക്കുന്നു.

തന്റെ ജീവിതത്തിന് ഇത്രയേറെ സൗഭാഗ്യങ്ങള്‍ നല്‍കിയ മുംബൈ തന്നെ ഇതും ചെയ്യുന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

SHARE