പൊന്നമ്മ ബാബു ഇടപെട്ടതോടെ വരുമാനം നിന്നു; മകന് വൃക്ക നല്‍കാമെന്നേറ്റ പൊന്നമ്മ ബാബുവിനെതിരെ സേതുലക്ഷ്മി

മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായി നടി സേതുലക്ഷ്മി. പൊന്നമ്മ ബാബു പ്രശ്നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അതോടുകൂടി തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം നില്‍ക്കുകയായിരുന്നെന്ന് സേതുലക്ഷ്മി പറഞ്ഞു. വൃക്ക നല്‍കാമെന്ന പൊന്നമ്മ ബാബുവിന്റെ പ്രഖ്യാപനം ഏറെ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

‘മകന് ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്നി മാറ്റിവെക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷന്‍ ചെയ്തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആസ്പത്രി ചിലവ് മുഴുവന്‍ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാള്‍ സമ്മതിച്ചു. അതിനിടയില്‍ പൊന്നമ്മ ബാബു ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു. പൊന്നമ്മ ചോദിച്ചു,’ ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്നി ീ പോസിറ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്ട്രോള്‍ ഉണ്ട്’. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ അവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്മസ് ആയി. അവര്‍ക്ക് കുറേ സ്വീകരണങ്ങളൊക്കെയായി.സേതുലക്ഷ്മി പറഞ്ഞു.

അപ്പോള്‍ ജനങ്ങള്‍ വിചാരിച്ചു എല്ലാം ശരിയായെന്ന്. പക്ഷേ ചിലര്‍ പറയുന്നത് പൊന്നമ്മക്ക് എല്ലാം അറിയാമായിരുന്നല്ലോ, അവര്‍ക്ക് ചില പ്രശ്നങ്ങളുണ്ട്, കിഡ്നി അങ്ങനെ കൊടുത്തുകൂടായെന്ന്. ചിലപ്പോള്‍ അവരുടെ നല്ല മനസു കൊണ്ടു പറഞ്ഞതാകാം. എന്തായാലും എന്റെ വരുമാനം അതോടെ നിന്നു’- സേതുലക്ഷ്മി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പൊന്നമ്മബാബുവിന് അഭിനന്ദനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പൊന്നമ്മബാബുവിന്റെ നന്‍മയെ പുകഴ്ത്തിയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍. എന്നാല്‍ ആഴ്ച്ചകള്‍ക്കുശേഷം സേതുലക്ഷ്മി തന്നെ പൊന്നമ്മബാബുവിനെതിരെ രംഗത്തെത്തുന്ന കാഴ്ച്ചയാണുണ്ടായത്.