മുകേഷിനെതിരെ മീടൂ വില്‍ പുതിയ ആരോപണം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് റീമ കല്ലിങ്കല്‍

എറണാകുളം: നടനും എം.എല്‍.എയുമായ മുകേഷ് കുമാറിനെതിരെ മീടൂ വില്‍ പുതിയ ആരോപണം വന്നതായി നടി റീമ കല്ലിങ്കല്‍. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എക്കെതിരെ കടുത്ത ആരോപണവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി) രംഗത്തെത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു റീമയുടെ ആരോപണം.
മുകേഷിനെതിരെ മീടൂ ആരോപണവുമായി ടെസ് ജോസഫ് രംഗത്തെത്തിയ സംഭവം സൂചിപ്പിച്ചപ്പോളായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള റിമയുടെ പ്രതികരണം.

മുകേഷ് വിഷയത്തില്‍ ഞങ്ങള്‍ ടെസ് ജോസഫിനൊപ്പമാണ്. ഇപ്പോള്‍ മുകേഷിനെതിരെ പുതിയൊരു ആരോപണം കൂടി വന്നതായാണ് അറിയാന്‍ കഴിയുന്നത്. മുകേഷ് ഒരു ജനപ്രതിനിധി കൂടിയായ സാഹചര്യത്തില്‍ സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും റിമ പറഞ്ഞു.

ദേശീയ തലത്തില്‍ മീ ടൂ ക്യാമ്പയിന്‍ ശക്തമാകുമ്പോള്‍ ആമിര്‍ ഖാനും അക്ഷയ് കുമാറുമൊക്കെ എങ്ങനെ നിലപാടെടുക്കുന്നു എന്ന് നമ്മള്‍ കണ്ടതാണ്. ഇവിടെ ഒരു നടന്‍ കുറ്റാരോപിതനായപ്പോള്‍ ഉടന്‍ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണന്‍ അയാളെ വെച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നടി പരസ്യമായി ആരോപണമുന്നയിച്ചിട്ടും ആലോചിക്കാമെന്നാണ് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്. ഇങ്ങെനെയിരിക്കെ മുകേഷിനെതിരായ പുതിയ ആരോപണം കേള്‍ക്കാന്‍ അമ്മക്ക് സമയമുണ്ടാകുമോ എന്ന് കണ്ടെറിയണമെന്നും റിമ പരിഹസിച്ചു.

അമ്മയാണ് അഭിനേതാക്കളുടെ ആകെയുള്ള സംഘടന. ഇവിടെ എന്തെങ്കിലും മാറ്റം വരത്തണമെങ്കില്‍ സംസാരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വനിതാ കൂട്ടായ്മയുടെ മൂന്ന് അംഗങ്ങള്‍ സംസാരിക്കാന്‍ അമ്മയുടെ യോഗത്തില്‍ പോയതെന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ തന്നെ ഒരു അംഗം പറഞ്ഞിട്ടാണ് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് നടിമാരായ രചനയും ഹണിറോസും പറഞ്ഞതെന്നും അത് ബാബുരാജാണെന്നും നടി പാര്‍വതി വെളിപ്പെടുത്തി. അയാള്‍ പിന്നീട് ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണ് ഇരയെ വിശേഷിപ്പിച്ചത്. വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമാണ് സമവായ ചര്‍ച്ചയില്‍ പെട്ടെന്ന് തീരുമാനമെടുക്കാമെന്ന് പറഞ്ഞത് എന്നാല്‍ അത് അവരുടെ ഒരു നാടകമായിരുന്നെന്ന് സംശയിക്കുന്നു. മീഡിയയോട് ഒന്ന് പറയരുതെന്നായിരുന്നു അവര്‍ ഞങ്ങളോട് പറഞ്ഞു കൊണ്ടിരുന്നത്. അവരുടെ ഒരേയൊരാവശ്യം ഇതു മാത്രമായിരുന്നുവെന്നും പാര്‍വതി പറഞ്ഞു.