‘അമ്മ’യില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് യോഗത്തില്‍ ചെന്ന് പറയാത്തതെന്തുകൊണ്ട്?; നടി റിമ കല്ലിങ്കല്‍ പ്രതികരിക്കുന്നു

താരസംഘടന ‘അമ്മ’യില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നിലപാട് വ്യക്തമാക്കി നടി റിമകല്ലിങ്കല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് റിമ അമ്മ വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ഒരു വാര്‍ത്താചാനലില്‍ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു താരം.

കേസില്‍ കുറ്റാരോപിതനായ ആള്‍ക്കൊപ്പം നിലനില്‍ക്കുകയാണ് അമ്മയെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. സംഘടനയില്‍ തുടരാന്‍ താല്‍പ്പര്യമില്ല. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയല്ല അമ്മയെന്നും അതിനാല്‍ അവിടെ പോയി പറഞ്ഞിട്ട് യാതൊരു കാര്യമില്ലെന്നും റിമ വ്യക്തമാക്കി. ഇന്ന് ഏറ്റവും ജനാധിപത്യപരരമായ ഒരു ഫഌറ്റ്‌ഫോമിലൂടെ അഭിപ്രായം പറയുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് റിമ മറുപടി നല്‍കി. ഡബ്ല്യു.സി.സിയുടെ നിലപാട് വ്യക്തമാണ്. അതൊരാളുടെ അഭിപ്രായമല്ല, ഒരു കൂട്ടായ തീരുമാനമാണ്. കേരളത്തിലെ ജനങ്ങളിലാണ് വിശ്വാസമെന്നും റിമ കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ആരുടെ കൂടെ നില്‍ക്കുന്നുവെന്നും അറിയാത്തവരും ആ കൂട്ടത്തിലുണ്ട്. ഉര്‍മിള ഉണ്ണി അതിന് ഒരു ഉദാഹരണം മാത്രമാണ്, മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയില്‍ സ്‌കിറ്റില്‍ അഭിനയിച്ചവരും അതിനുള്ള ഉദാഹരണമാണ്’ റിമ പറഞ്ഞു. തുറന്ന പ്രതികരണങ്ങള്‍ അവസരങ്ങള്‍ നഷ്ടമാക്കില്ലേ എന്ന ചോദ്യത്തിന്, അതുണ്ടാവും എങ്കിലും സിനിമയിലെ ചിലരുടെ കുത്തക ഇല്ലാതായെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്തൊക്കെയുണ്ടായാലും ഇ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. എന്ത് ചതിക്കുഴി വന്നാലും അവസാനം വരെ ഞങ്ങള്‍ അവളോടൊപ്പം മാത്രമേ നില്‍ക്കൂ. ഇതൊക്കെ കണ്ടും കേട്ടുമാണ് അവളിരിക്കുന്നത്. അവളുടെ നിലപാട് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നും റിമ പറഞ്ഞു.