അമ്മ-ഡബ്ല്യു.സി.സി വിവാദം: ദുല്‍ഖറിനെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍

മലയാളത്തിലെ താരസംഘനയായ അമ്മക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. അമ്മ എന്ന സംഘടന പൂര്‍ണമായും പുരുഷ മാഫിയയാമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഘടനക്കെതിരെ റിമ തുറന്നടിച്ചത്. നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരേയും റിമ കല്ലിങ്കല്‍ വിമര്‍ശനമുന്നയിച്ചു.

വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്ന് പറഞ്ഞ് കൈ കഴുകാന്‍ ഞങ്ങള്‍ക്കാവില്ല. എക്കാലത്തും അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ച് നില്‍ക്കും. ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണത്തോട് റിമ പ്രതികരിച്ചു. ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെയായിരുന്നു ദുല്‍ഖറിന്റെ പരാമര്‍ശം.

മോഹന്‍ലാലും മമ്മൂട്ടിയും കൃത്യമായ നിലപാട് എടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെ. ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ അമ്മയിലെ അംഗങ്ങള്‍ എല്ലാം മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് പിന്നില്‍ ഒളിക്കുകയാണെന്നും റിമ പറഞ്ഞു.