‘മനശാസ്ത്രജ്ഞന്റെ സഹായം ഞാനും എടുത്തിട്ടുണ്ട്, അതില്‍ ലജ്ജിക്കേണ്ടതില്ല’: നടി രജിഷ വിജയന്‍

കൊച്ചി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിഷാദരോഗവും ചര്‍ച്ചക്ക് വരുന്നത്. മനശാസ്ത്രജ്ഞ വിദഗ്ദനെ കാണുന്നത് ലജ്ജിക്കേണ്ട കാര്യമല്ലെന്നും താനും അത്തരത്തില്‍ സഹായം തേടിയിട്ടുണ്ടെന്ന് നടി രജിഷ വിജയന്‍ പറഞ്ഞു. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

‘ഒരു പനി വരുമ്പോള്‍ ഡോക്ടറെ കാണുന്നതുപോലെ തന്നെ സ്വാഭാവികമായൊരു കാര്യമാണ്, മനോവിഷമങ്ങളോ അനുഭവപ്പെടുമ്പോള്‍ ഒരു കൗണ്‍സിലറുടെയോ തെറാപ്പിസ്റ്റിന്റെയോ അടുത്തു പോവുന്നതും. മാനസികാരോഗ്യത്തെ കുറിച്ചുള്ള തെറ്റായ ചിന്തകള്‍ അവസാനിപ്പിക്കൂ,’ എന്ന് രജിഷ പറഞ്ഞു.

‘ഞാനും ചെയ്തിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സന്ദര്‍ശിക്കുക. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മനസ്സ് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമാണ്, ചിലപ്പോള്‍ രോഗം പിടിപെടുന്ന മറ്റേതൊരു ഭാഗത്തെയും പോലെ പരിചരണം ആവശ്യമാണ്. എന്നെ വിശ്വസിക്കൂ, ഒരു പ്രൊഫഷണലിന് നിങ്ങളെ പല തരത്തില്‍ സഹായിക്കാന്‍ കഴിയും,’ രജിഷ കുറിച്ചു. ക്ലിനിക്കല്‍ ഡിപ്രഷന് മരുന്നു കഴിച്ചിരുന്നു സുശാന്ത് സിംഗെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ഫ്‌ലാറ്റില്‍ താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.