നടി ആക്രമിക്കപ്പെട്ട കേസ്: വിവാദങ്ങള്‍ തണുപ്പിക്കാന്‍ ‘അമ്മ’; ഹണിറോസും രചനയും കക്ഷിചേരും

കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ നീക്കവുമായി താരസംഘടന അമ്മ. അമ്മയുടെ വനിതാ ഭാരവാഹികളും നടിമാരുമായ ഹണിറോസും രചന നാരാണയന്‍കുട്ടിയും കേസില്‍ കക്ഷി ചേരാന്‍ ഒരുങ്ങുന്നു. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

വിചാരണക്ക് വനിത് ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും ഇന്നാണ് കോടതി പരിഗണിക്കുന്നത്. വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ അമ്മക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് നിലവിലുള്ളത്. ഇത് മറികടക്കാനാണ് അമ്മയുടെ ശ്രമം.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലുനടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. നടിമാരായ റിമകല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, ഭാവന എന്നിവരാണ് രാജിവെച്ചത്. തുടര്‍ന്ന് ഈ മാസം ആദ്യവാരത്തില്‍ വനിതാസംഘടന ഡബ്ല്യു.സി.സിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമ്മയും അറിയിച്ചിരുന്നു.