‘നസ്രിയക്കുവേണ്ടി എന്നെ ഇരയാക്കുന്നത് എന്തിന്’; പ്രിയ വാര്യര്‍

തനിക്കുനേരെയുള്ള ട്രോളുകള്‍ വേദനിപ്പിച്ചുവെന്ന് നടി പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് പ്രിയവാര്യര്‍. ഒരു കണ്ണിറുക്കലിലൂടെ ഹിറ്റായ പ്രിയാവാര്യര്‍ക്ക് ഇപ്പോള്‍ ട്രോളുകളുടെ കാലമാണ്.

ട്രോള്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് ഒരു വിഭാഗം പ്രിയ വാര്യരുടെ കണ്ണിറുക്കലിനെ എടുക്കുന്നത്. തന്നെ അനാവശ്യമായി ട്രോള്‍ ചെയ്യുന്നതിന്റെ ദുഖത്തിലാണ് പ്രിയ. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തിയ നസ്രിയയെ വരവേല്‍ക്കാനും പലരും പ്രിയയെ ആണ് ട്രോളിയത്. ഇത് തന്നെ വളരെ അധികം വേദനിപ്പിച്ചെന്ന് തുറന്നു പറയുകയാണ് പ്രിയ.

‘എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്.’ പ്രിയ പറഞ്ഞു.

ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും അഭിനയിക്കാന്‍ അറിയുമോ എന്ന് കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ തന്നെ കുറ്റപ്പെടുത്തുകയൊണെന്നുമാണ് താരം പറയുന്നത്. തന്റെ സിനിമ പുറത്തിറങ്ങി അഭിനയം കാണുന്നതുവരെ വിമര്‍ശനം ഒഴിവാക്കിക്കൂടെയെന്നാണ് പ്രിയ ചോദിക്കുന്നത്.