നടി പാര്‍വ്വതിക്ക് വീണ്ടും മമ്മൂട്ടി ആരാധകരുടെ പൊങ്കാല

കൊച്ചി: പാര്‍വ്വതിയെ പൊങ്കാലയിട്ട് വീണ്ടും മമ്മൂട്ടി ആരാധകര്‍. പൃഥ്വിരാജ്-പാര്‍വതി ജോടികളുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു നന്ദി പറഞ്ഞു നടി പാര്‍വ്വതി പോസ്റ്റാണ് ആരാധകരെ ചൊടിപ്പിച്ചത്.

‘ഞങ്ങളുടെ ചിത്രം മൈ സ്‌റ്റോറിയുടെ ട്രെയിലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി’ എന്നാണ് പാര്‍വ്വതി പേജില്‍ കുറിച്ചത്. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ മമ്മൂക്ക എന്ന് വിളിക്കുമ്പോള്‍ പൃഥ്വിയേക്കാള്‍ 6 വയസ് കുറവുള്ള പാര്‍വ്വതി പേര് വിളിച്ചതാണ് ആരാധകരെ ഇത്തവണ പ്രകോപിതരാക്കിയത്. തുടര്‍ന്ന് നടിയുടെ പേജില്‍ പൊങ്കാലയിടുകയായിരുന്നു ആരാധകര്‍

നേരത്തെ കസബ വിഷയത്തില്‍ മമ്മൂട്ടിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വ്വതി സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനു പിന്നാലെ മൈ സ്റ്റോറി സിനിമയിലെ ഗാനം പുറത്തിറക്കിയപ്പോള്‍ ഡിസ്‌ലൈക്ക് ക്യാമ്പയിനും ആരാധകര്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.

എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്‌റ്റോറി’. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ പ്രണയ ചിത്രത്തിന്റെ പ്രതീതി തരുന്ന ട്രെയിലറാണ് പുറത്ത് വന്നത്. മാഡ്രിഡ് നഗരത്തിന്റെ മനോഹര ദൃശ്യങ്ങളോടൊപ്പം പൃഥ്വിരാജിന്റെ സ്‌റ്റൈലിഷ് ലുക്കും ട്രെയിലറിനെ ആകര്‍ഷകമാക്കുന്നു.ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.