കാട്ടാന ചെരിഞ്ഞ സംഭവം; മലപ്പുറത്തിനെതിരെ നടക്കുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വ്വതി

തൃശ്ശൂര്‍: കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരെ നടക്കുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വ്വതി. മൃഗങ്ങള്‍ക്ക് എതിരേയുള്ള ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. അത് ക്രിമിനല്‍ കുറ്റം തന്നെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വെച്ച് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് പാര്‍വ്വതി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. ‘മൃഗങ്ങള്‍ക്ക് എതിരേയുള്ള ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. അത് ക്രിമിനല്‍ കുറ്റം തന്നെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു’ എന്നാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.

ഗര്‍ഭിണിയായ ആനയെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി കൊന്ന സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി രംഗത്ത് എത്തിയിരുന്നു. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നും ഇതിനു മുമ്പും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നുവെന്നും ഇത്തരത്തില്‍ നാനൂറോളം ജീവികളെയാണ് അവര്‍ കൊന്നൊടുക്കിയതെന്നും മനേകാ ഗാന്ധി ആരോപിച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും വനംവകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നും ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

മെയ് 27നാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ വെള്ളിയാര്‍ പുഴയിലാണ് ദാരുണമായ സംഭവം നടന്നത്. ആനയുടെ വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയിരുന്നു. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളില്‍ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയില്‍ ഇറങ്ങി വായ വെള്ളത്തില്‍ താഴ്ത്തി നില്‍ക്കുകയായിരുന്നു. ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വെള്ളത്തില്‍ നിന്ന് കയറി വരാന്‍ ആന തയ്യാറായില്ല. ഒടുവില്‍ നിന്ന നില്‍പ്പിലാണ് ആന ചരിഞ്ഞത്.