‘അമ്മ-ഡബ്ല്യു.സി.സി’ തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ

കൊച്ചി: താരസംഘടന അമ്മയും-വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ. നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാലുനടിമാര്‍ രാജിവെച്ച സംഭവത്തെ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം.

പ്രശ്‌നം വേഗം തീര്‍ക്കുന്നതാണ് സിനിമക്ക് നല്ലതെന്ന് പത്മപ്രിയ പറഞ്ഞു. അമ്മക്കെതിരാണ് ഡബ്ല്യു.സി.സി എന്ന നിരീക്ഷണം ശരിയല്ല. വനിതാക്കൂട്ടായ്മയുടേത് ലിംഗവിവേചനത്തിന് എതിരേയും തുല്യനീതിക്കുമായുള്ള പോരാട്ടമാണ്. ദിലീപിനെ തിരിച്ചെടുത്തതുമായ ഭിന്നാഭിപ്രായമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ചക്ക് തയ്യാറാവണമെന്നും പത്മപ്രിയ പറഞ്ഞു. ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനത്തിന് നടന്‍ കമല്‍ഹാസന്‍ പിന്തുണ അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

നടിമാരായ ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് രാജിവെച്ചത്. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ അമ്മക്ക് കത്ത് നല്‍കിയിട്ടുണ്ട്. ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചുവെങ്കിലും എന്നാണെന്ന് ഇതുവരേയും അറിയിച്ചിട്ടില്ല.