നടി ആക്രമിക്കപ്പെട്ട കേസ്; അക്കൗണ്ട് പരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി നമിത പ്രമോദ്

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ട് പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് വാര്‍ത്തുണ്ടായിരുന്നു. ഇത് നമിത പ്രമോദിന്റെ അക്കൗണ്ടാണെന്ന് ചിലഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തവന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നമിത. തന്റെ അക്കൗണ്ട് യാതൊരു തരത്തിലുള്ള അന്വേഷണത്തിന്റെ പരിധിയില്‍ അല്ലെന്നും ഇതൊരു വ്യാജവാര്‍ത്തയാണെന്നും നമിത പ്രമോദ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യാജവാര്‍ത്തയെക്കുറിച്ചുള്ള നടിയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്ന് ഇത്തരം അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.