ദിലീപിന്റെ അറസ്റ്റ്: പി.സി ജോര്‍ജ്ജിനെ ചോദ്യംചെയ്യും; അന്വേഷണ സംഘത്തിന്റെ നോട്ടീസ്

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പി.സി ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ സാധ്യത. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാളെ അന്വേഷണ സംഘം പി.സി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്നാണ് വിവരം.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദീലീപിനെ അനുകൂലിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ തീരുമാനമുണ്ടായത്. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനും നോട്ടീസില്‍ ആവശ്യപ്പെടും.

ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന ആരോപണമാണ് പി.സി ജോര്‍ജ് ഉയര്‍ത്തുന്നത്. ജയിലില്‍നിന്ന് കത്ത് പുറത്തുവന്നതിലും കത്ത് മാധ്യമപ്രവര്‍ത്തകരുടെ പക്കല്‍ എത്തിയതിലും ദുരൂഹത ആരോപിച്ചാണ് പൂഞ്ഞാര്‍ എം.എല്‍.എ രംഗത്തെത്തിയത്.

പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും പി.സി ജോര്‍ജ് ആവര്‍ത്തിച്ചു. നേരത്തെ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥന്‍ എ.വി ജോര്‍ജ് പറഞ്ഞിരുന്നു.