ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് നടി മേഘ്ന രാജ്. രണ്ടുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ ജവിതത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുകയായിരുന്നു. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച നടന് ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു.
ഭര്‍ത്താവിന്റെ മരണത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് നടി മേഘ്ന രാജ്. മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയാണ്. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്‍ ഒന്നിക്കുന്നത്. 2018-ലായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരവും മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ വിയോഗം.
തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്. ചിരഞ്ജീവി സര്‍ജയുമായുള്ള വിവാഹത്തിനു ശേഷം കന്നഡ സിനിമകളില്‍ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്. യക്ഷിയും ഞാനുമെന്ന വിനയന് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ മേഘ്ന ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ ഏറെ ശ്രദ്ധേയമായ വേഷത്തിലെത്തി.