ചിരഞ്ജീവി സര്‍ജയുടെ മരണം; പത്തുദിവസത്തിന് ശേഷം പ്രതികരണവുമായി നടി മേഘ്‌നാ രാജ്

ബാംഗളൂരു: കന്നഡ താരവും ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തില്‍ പ്രതികരണവുമായി ഭാര്യയും നടിയുമായ മേഘ്‌നാ രാജ്. 39 കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലം മരണമടഞ്ഞുവെന്നത് തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ജൂണ്‍ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇപ്പോഴിതാ മരണശേഷം പത്ത് ദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയായ നടി മേഘ്‌ന രാജ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും കുറിപ്പും ആരാധകരെ കണ്ണീരണിയിച്ചിരിക്കുകയാണ്.

ചിരു, ഞാന്‍ ഒരുപാട് പരിശ്രമിച്ചു നോക്കി, എനിക്ക് നിന്നോട് പറയാനുള്ളതെന്തെന്ന് വാക്കുകളില്‍ കുറിക്കാന്‍ ആകുന്നില്ല. എനിക്ക് നീ എന്തായിരുന്നുവെന്ന് ഈ ലോകത്തിലെ എല്ലാ വാക്കുകളും നിരത്തിയാലും വര്‍ണ്ണിക്കാനാവില്ല. എന്റെ സുഹൃത്ത്, എന്റെ സ്‌നേഹിതന്‍, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ്. ഇതിലൊക്കെ ഉയരെയാണ്, എന്റെ ആത്മാവിന്റെ ഒരു ഭാഗം തന്നെയാണ് ചിരു.

ഓരോ തവണയും ഞാന്‍ വാതിലിലേക്ക് നോക്കുന്ന സമയം ‘ഞാനിതാ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കയറി വരാത്തത് ഉള്ളില്‍ ആഴമായ വേദന നിറക്കുകയാണ്, ഓരോ ദിവസവും ഓരോ സമയവും നിന്നെ തൊടാന്‍ കഴിയാതെ എന്റെ ഹൃദയം വിങ്ങുകയാണ്. പതിയെ നൊമ്പരപ്പെട്ട് ഒരായിരം തവണ ഞാന്‍ മരിക്കുകയാണ്. പക്ഷേ, അപ്പോഴേക്കും ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റും അനുഭവപ്പെടുകയാണ്. ഞാന്‍ ഓരോ തവണ തളരുമ്പോഴും, ഒരു കാവല്‍ മാലാഖ പോല്‍ നീ എന്റെ ചാരെയുണ്ട്.

നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നതുകൊണ്ട് നിനക്ക് എന്നെ ഇവിടെ തനിച്ചാക്കാന്‍ കഴിയില്ലല്ലേ. നീ എനിക്കു നല്‍കിയ ഏറെ മൂല്യമുള്ള സമ്മാനമാണ് നമ്മുടെ കുഞ്ഞ്, നമ്മള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ പ്രതീകം, ഈ മധുരതരമായ അത്ഭുതം സമ്മാനിച്ചതിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടിരിക്കും. നമ്മുടെ കുഞ്ഞായി, നിന്നെ ഈ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞാന്‍ കാത്തിരിക്കുന്നു.

നിന്നെ ഇനിയും കെട്ടിപ്പിടിക്കാന്‍ കാത്തിരിക്കാനാവുന്നില്ല, നിന്റെ ചിരി വീണ്ടും കാണാന്‍, മുറി നിറയുന്ന പ്രകാശം നിറയ്ക്കുന്ന ചിരി കേള്‍ക്കുന്നതിന് ഞാന്‍ കാത്തിരിക്കുകയാണ്. വേറൊരിടത്ത് നീ എനിക്കായും കാത്തിരിക്കുന്നുണ്ടാവുമല്ലോ, എന്റെ അവസാന ശ്വാസം വരെ നീ എന്നില്‍ ജീവിക്കും. നീ എന്നിലുണ്ട്, ഐ ലവ് യു ചിരു, മേഘ്‌ന ഹൃദയപൂര്‍വ്വം, സ്‌നേഹപൂര്‍വ്വം കുറിച്ചിരിക്കുകയാണ്.

ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ലാണ് ഇവര്‍ വിവാഹിതരായിരുന്നത്.