ബാലതാരം മീനാക്ഷി കാറോടിച്ചത് വിവാദത്തില്‍; പ്രതികരണവുമായി മീനാക്ഷി രംഗത്ത്

സിനിമാ ബാലതാരം മീനാക്ഷി കാറോടിച്ചത് വിവാദത്തില്‍. പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് പന്ത്രണ്ടു വയസ്സുകാരിയായ മീനാക്ഷി കാറോടിച്ചത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു.

ബാലതാരമായ കുട്ടി കാറോടിച്ചത് നിയമലംഘനമാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. 18 വയസ്സാവാത്ത പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ് മീനാക്ഷി. ഇത് നിയമലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് അഭിപ്രായം. വിമര്‍ശനം ഉയര്‍ന്നതോടെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി.


വീഡിയോ ചിത്രീകരിച്ച് സ്വകാര്യ ഇടത്തിലാണെന്നും അതിനാല്‍ നിയമ ലംഘനം നടത്തിയിട്ടില്ലെന്നുമാണ് മീനാക്ഷി നല്‍കുന്ന വിശദീകരണം. നിയമലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല വീഡിയോ ചിത്രീകരിച്ചത്. മുമ്പ് താന്‍ R15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നൊന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നും മീനാക്ഷി പറയുന്നു.

രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ ഹിറ്റായ 2255 എന്ന നമ്പറുള്ള കാറില്‍ ഒരു തോട്ടത്തിലൂടെ മീനാക്ഷി ഓടിച്ച് വന്ന് സംസാരിക്കുന്നതാണ് വീഡിയോ. വീഡിയോയില്‍ മീനാക്ഷിയാണ് കാറോടിക്കുന്നതെന്ന് വ്യക്തമാണ്.