മതം മാറിയതിനു പിന്നിലെ കാരണം വ്യക്തമാക്കി നടി മാതു

അടുത്തിടെ നടി മാതു മതംമാറിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തിനുവേണ്ടിയാണ് മതം മാറിയതെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി പഴയകാല നടി മാതു തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഒരു വനിതാമാഗസിന് നല്‍കിയ അഭിമുഖത്തില്‍ മാതു ക്രിസ്തുമതത്തിലേക്ക് മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു.

സിനിമയില്‍ അവസരം നഷ്ടപ്പെട്ടപ്പോഴുണ്ടായ മാനസിക പ്രയാസത്തില്‍ നിന്നാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനമുണ്ടായതെന്ന് മാതു പറയുന്നു. സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ, ‘അമരത്തില്‍ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. കുട്ടേട്ടനു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, പെരുന്തച്ചനിലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്.ഇത് വല്ലാത്ത വിഷമം ഉണ്ടാക്കി. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ഥിച്ചു. വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, അമരത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. പെരുന്തച്ചന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി’. വിവാഹത്തിനുവേണ്ടിയാണോ മതം മാറിയതെന്നുള്ള ചോദ്യത്തിനുത്തരമായി മാതു ഇതാണ് പറഞ്ഞത്.

മക്കളേയും ഈ വിശ്വാസപ്രകാരമാണ് വളര്‍ത്തുന്നതെന്നും മാതു വ്യക്തമാക്കി. ദിവസവും പള്ളിയില്‍ പോകുമെന്നും ആ വിശ്വാസമാണ് തന്റെ ശക്തിയെന്നും മാതു കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയിലെ പഴയകാല നടിമാരിലൊരാളാണ് മാതു. അമരത്തിലെ മമ്മുട്ടിയുടെ മകളായി അഭിനയിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

SHARE