പിതാവിന്റെ വിയോഗം; മഞ്ജുവിനെ ആശ്വസിപ്പിച്ച് ദിലീപും മീനാക്ഷിയും

തൃശൂര്‍: പിതാവിന്റെ മരണത്തില്‍ നടി മഞ്ജുവാര്യറേയും കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ നടന്‍ ദിലീപും മകളും വീട്ടിലെത്തി. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്. മഞ്ജുവിന്റെ സഹോദരന്‍ മധുവാര്യറേയും കുടുംബാംഗങ്ങളേയും ദിലീപ് ആശ്വസിപ്പിച്ചു. വൈകുന്നേരത്തോടെയാണ് ദിലീപ് വീട്ടിലെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് മാധവന്‍ വാര്യര്‍ അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ കാലം ചികിത്സയിലായിരുന്നു. ഭാര്യ ഗിരിജ അര്‍ബുദ രോഗത്തെ അതിജീവിച്ചവരാണ്.

കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015-ലാണ് വിവാഹ മോചിതരായത്. അച്ഛന്‍ ദിലീപിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ മീനാക്ഷി അമ്മയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു കഴിയുകയാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പിന്നീടാണ് നടി കാവ്യമാധവനുമായി ദിലീപിന്റെ വിവാഹം നടക്കുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനാകുകയും മഞ്ജു ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയും ചെയ്തത് ഇരുവരേയും വീണ്ടും രണ്ടു ചേരികളിലാക്കിയിരുന്നു. എങ്കിലും പിതാവിന്റെ മരണത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ദിലീപും മീനാക്ഷിയും എത്തുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്.