ബംഗാളി നടി കോയല്‍ മല്ലികിനും കുടുംബത്തിനും കോവിഡ്; നിരീക്ഷണത്തില്‍

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി കോയല്‍ മല്ലികിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. അച്ഛനും വെറ്ററന്‍ നടനുമായ രഞ്ജി മല്ലിക്, അമ്മ ദീപ മല്ലിക്, ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിങ് എന്നിവര്‍ക്കും അസുഖം സ്ഥിരീകരിച്ചു. ട്വിറ്റര്‍ വഴി കോയല്‍ തന്നെയാണ് അസുഖ വിവരം അറിയിച്ചത്.

ഘോറെ, ബൈറെ, ഛായ ഓ ഛോബി, ശുഭോദര്‍ശിനി, ഹെംലോക് സൊസൈറ്റി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് കോയല്‍. മെയ് ആദ്യ വാരം ഇവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 2013ലായിരുന്നു നിസ്പല്‍ സിങുമായുള്ള വിവാഹം.

അതിനിടെ, പശ്ചിമബംഗാളില്‍ 24 മണിക്കൂറിനിടെ 1198 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 26 മരണവുമുണ്ടായി. 27,109 ആണ് മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം. 880 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.