‘ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചില്ല’; നടി ജയപ്രദ

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ നടി ജയപ്രദ. ദിലീപിന് ഇങ്ങനെ ചെയ്യാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ജയപ്രദ പറഞ്ഞു.

ഒരു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും ദിലീപ് മറക്കാന്‍ പാടില്ലായിരുന്നുവെന്ന് ജയപ്രദ പറഞ്ഞു. ദിലീപിന് ഇങ്ങനെ ചെയ്യാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇതു സത്യത്തില്‍ വളരെ ഖേദകരമായ അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങളില്‍ നിന്ന് അവള്‍ക്ക് പിന്തുണയുണ്ടാകണമെന്നും അവര്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ദിലീപിനെതിരെ ജയപ്രദ തിരിഞ്ഞത്.

ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് അവള്‍ അനുഭവിച്ചത്. എന്തൊക്കയാണെങ്കിലും അവളൊരു സ്ത്രീയാണ്. രണ്ടാമതാണ് അവളൊരു നടിയാകുന്നത്. അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം. അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണം. അത് ഒരേസമയം മലയാള സിനിമയില്‍നിന്നും കേരളത്തിലെ ജനങ്ങളില്‍നിന്നുമുണ്ടാകണമെന്നും ജയപ്രദ ആവശ്യപ്പെട്ടു.