ചെന്നൈ: നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അസ്ഥി രോഗത്തെ തുടര്‍ന്ന് കില്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയതെന്നും സഹായിക്കാന്‍ ആരുമില്ലാതെ ദുരിതാവസ്ഥയിലാണ് താരമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അസ്ഥിരോഗത്തെത്തുടര്ന്നാണ് ചെന്നൈയിലെ താരം ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും അവരുടെ കൈയില്‍ ചികിത്സക്ക് ആവശ്യമായ പണമില്ലെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം ചെന്നൈയില്‍ പത്തു വയസുകാരനായ മകനും രോഗബാധിതയായ അമ്മക്കുമൊപ്പം താമസിച്ചുവരികയാണ് ചാര്‍മിള. ഒറ്റമുറി വീട്ടിലാണ് മൂവരുടെയും താമസം.
ലാല്‍ ജോസ് സംവിധാനെ ചെയ്ത വിക്രമാദിത്യന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് കൂടുതല്‍ ചിത്രങ്ങളിലൊന്നും ചാര്‍മിളയെ കണ്ടിരുന്നില്ല.
താന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ചാര്‍മിള നേരത്തെ വ്യക്തമാക്കിയിരുന്നു. 2006ല്‍ സോഫ്റ്റ്വെയര് എഞ്ചിനിയറായ രാജേഷിനെ താരം വിവാഹം ചെയ്തെങ്കിലും ആ ബന്ധം 2014ല്‍ അവസാനിച്ചു. ശേഷം നടന് കിഷോര്‍ സത്യയെ ജീവിത പങ്കാളിയാക്കിയെങ്കിലും ആ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല.
ധനം, കേളി, കാബൂളിവാല എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചാര്‍മിള. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി.