നടി ആക്രമിക്കപ്പെട്ട കേസ്; സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് നടിയുടെ സഹോദരന്‍

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉയരുന്ന ആശങ്കകള്‍ക്ക് മറുപടിയുമായി നടിയുടെ സഹോദരന്‍ രാജേഷ് ബി.മേനോന്‍ രംഗത്ത്. കേസില്‍ നിന്നും പിന്‍മാറുമോ എന്ന ചോദ്യത്തിന് മുമ്പ് പറഞ്ഞ അതേ ഉത്തരം തന്നെയാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളതെന്ന് രാജേഷ് പറഞ്ഞു. കേരള പോലീസിന്റെ അന്വേഷണത്തില്‍ സംതൃപ്തരാണ്. അതുകൊണ്ട് സി.ബി.ഐ അന്വേഷണത്തിലേക്ക് മാറ്റുന്നതിന് ആഗ്രഹിക്കുന്നില്ലെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സുഹൃത്തുക്കളേ …
ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് . അതില്‍ ആദ്യത്തേത് ഈ കേസില്‍ നിന്നും പിന്മാറുമോ എന്നുള്ളതാണ് . ഇതുനുത്തരം ഞാന്‍ മുന്‍പേ പറഞ്ഞത് തന്നെയാണ് . പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല . മറ്റൊന്ന് കേസിന്റെ ഗതിവിഗതികളില്‍ ഇപ്പോള്‍ സംതൃപ്തരാണോ അതോ അന്വേഷണം സിബിഐ ക്ക് വിടുന്നുണ്ടോ എന്നതാണ് . കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങള്‍ പരിപൂര്‍ണ്ണ സംതൃപതരാണ് . അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ കേരള പോലീസില്‍ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല , അതിന് തയ്യാറുമല്ല . ഞാന്‍ നേരില്‍ അറിയുന്നതും അറിയാത്തതുമായ നിങ്ങള്‍ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിന്‍ബലം . നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം .
സ്‌നേഹപൂര്‍വ്വം
രാജേഷ് ബി മേനോന്‍