‘ആ രഹസ്യം അവനോടൊപ്പം പോയി’; സുശാന്തിന്റെ മരണത്തെ കുറിച്ച് ഭൂമിക

മുംബൈ: ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡില്‍ വിവാദങ്ങള്‍ പുകയുന്നു. സുശാന്തിന്റെ മരണത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം ഭൂമിക ചൌള. സുശാന്തിന്റെ വിയോഗത്തില്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് പകരം പരസ്പരം പഴിചാരലാണ് നടക്കുന്നതെന്ന് ഭൂമിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘പ്രിയ സുശാന്ത് നീ എവിടെയാണെങ്കിലും ദൈവത്തെിന്റെ കരങ്ങളിലാണ് നീയുള്ളത്. നീ പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. നിന്റെ മനസിലും ഹൃദയത്തിലും ആ രഹസ്യം മൂടിവച്ചിരിക്കുകയാണ്. സുശാന്തിന്റെ വിയോഗത്തില്‍ വിഷമിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കണം. നിങ്ങളുടേയും ചുറ്റുമുള്ളവരേയും ശ്രദ്ധിക്കണം. സംഭവിച്ചതിനേക്കുറിച്ച് നിരവധി ഊഹങ്ങളാണ് പ്രചരിക്കുന്നത്. അത്തരം പ്രചാരണങ്ങളില്‍ പ്രതികാര ബുദ്ധിയോടെ ഏര്‍പ്പെടുന്നവര്‍ അവന്റെ ആത്മാവിനെ ബഹുമാനിക്കണം. ചുറ്റുമുള്ളവരെ സഹായിക്കു, ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കണം. പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കൂ. പരസ്പരം പഴി ചാരിയിട്ട് എന്താണ് ലഭിക്കുന്നത്. പരസ്പരം ബഹുമാനിക്കാന്‍ പഠിക്കൂവെന്നും’ ഭൂമിക ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. ഈ ആരോപണങ്ങള്‍ക്ക് സിനിമാ വ്യവസായം തന്നെ പരിഹാരം കണ്ടെത്തട്ടേയെന്നും താരം ആവശ്യപ്പെട്ടു.

ജൂലെ 14നാണ് യുവനടന്‍ സുശാന്ത് സിംഗ് രാജ്പൂതിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് സിങ് രാജ്പുതിനെ ഏറെ പ്രശസ്തി നല്‍കിയ എംഎസ് ധോണിയെക്കുറിച്ചുള്ള ചിത്രത്തില്‍ സുശാന്തിന്റെ സഹോദരിയായി വേഷമിട്ടത് ഭൂമികയായിരുന്നു. സുശാന്തിന്റെ മരണത്തോടെ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് നേരേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സുശാന്തിന്റെ വീട്ടുകാരുടെ വേദനയില്‍ പങ്കുചേരണം എന്നായിരുന്നു ആരാധകരോടുള്ള സല്‍മാന്റെ പ്രതികരണം. സുശാന്തിന്റെ മുന്‍കാമുകിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.