ദിലീപിന്റെ വിധിയുടനെ; പറഞ്ഞതെല്ലാം വിഴുങ്ങി പള്‍സര്‍ സുനി

കുന്നംകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ മാറ്റൊരു കേസില്‍ കോടതിയില്‍ മലക്കം മറിഞ്ഞ് പള്‍സര്‍ സുനി.

കുന്നംകുളത്തെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മുന്‍നിലപാടുകളില്‍നിന്ന് മലക്കംമറിഞ്ഞത്. കേസില്‍ ‘മാഡ’ത്തിന് പങ്കില്ലെന്നാണ് പള്‍സര്‍ സുനി മാധ്യമങ്ങളോടു പറഞ്ഞു. നേരത്തേ, നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു മാഡം ഉണ്ടെന്നും അവര്‍ സിനിമാ നടിയെന്നുമായിരുന്നു പള്‍സര്‍ സുനി ആരോപിച്ചിരുന്നത്.

“ആരാണ് മാഡം” എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിച്ച വേളയിലാണ് അങ്ങനെയൊരാള്‍ ഇല്ലെന്ന സുനിയുടെ പുതിയ പ്രതികരണം. മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇത് തടഞ്ഞിരുന്നു. താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും മാഡം സിനിമാ രംഗത്തുനിന്നുള്ള ഒരാളാണെന്നുമായിരുന്നു സുനി കഴിഞ്ഞ ദിവസവും പറഞ്ഞത്.

അതേസമയം, നടി കാവ്യാ മാധവനെ പരിചയമുണ്ടെന്ന് പള്‍സര്‍ സുനി വ്യക്തമാക്കി. കാവ്യ തന്നെ അറിയില്ലെന്ന് പറയുന്നത് ശരിയല്ല. തനിക്ക് പലപ്പോളായി പണം തന്നിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോടു പറഞ്ഞു.