നടിയെ ആക്രമിച്ച വീഡിയോ പരന്നുവെന്ന് വാര്‍ത്ത: കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടി കാറില്‍ ആക്രമിക്കപ്പെടുന്ന വീഡിയോ പരന്നെന്ന് വാര്‍ത്ത. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാണിച്ച് ഫോറന്‍സിക് അധ്യാപകന്‍ ക്ലാസടുത്തതായി റിപ്പോര്‍ട്ട്.

പള്‍സര്‍സുനിയും സംഘവും നടിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇത് കൊച്ചിയിലെ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അധ്യാപകന്‍ കാണിച്ചുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ് അവസാനആഴ്ച്ചയിലാണ് പഠനത്തിന്റെ ഭാഗമായി ഈ ദൃശ്യങ്ങള്‍ കാണിക്കുന്നത്. ദൃശ്യങ്ങള്‍ കണ്ട കുട്ടികള്‍ ഈ വിവരം വീട്ടില്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറായ ഒരു രക്ഷിതാവ് മറ്റൊരു ഡോക്ടറുമായി വിവരം പങ്കുവെക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിരസിച്ചു. അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞപ്പോള്‍ ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ നല്‍കുകയായിരുന്നു.

southlive%2f2017-07%2fa1636599-9c4d-4340-94dc-060a2e8d3ee5%2funtitled-1

രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നടി അതിക്രൂരമായാണ് ആക്രമിക്കപ്പെടുന്നത്. എന്നാല്‍ അതീവ രഹസ്യമായി സൂക്ഷിച്ചുവെന്ന് പോലീസ് പറയുന്ന ഈ ദൃശ്യങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പിടിയിലാവുന്നതിന് മുമ്പ് തന്നെ പള്‍സര്‍സുനിയും സംഘവും പുറത്തുവിട്ടിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊച്ചിയിലേക്ക് പോവുകയായിരുന്ന നടി കാറില്‍ കൂട്ടആക്രമണം നേരിടുന്നത്. സംഭവത്തില്‍ നടന്‍ ദിലീപുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്.