നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണനടപടികള്‍ നാളെ തുടങ്ങും; ദിലീപ് എത്തില്ലെന്ന് സൂചന

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ നാളെ കൊച്ചിയിലെ കോടതിയില്‍ തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപടക്കം മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദിലീപ് എത്തില്ലെന്നാണ് വിവരം.

പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനുമായി തീയതി നിശ്ചയിക്കുക എന്നതാണ് നാളത്തെ നടപടി ക്രമം. ഒന്നാം പ്രതി സുനില്‍കുമാര്‍ അടക്കമുളള ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ഇവരെ പൊലീസ് തന്നെ കോടതിയില്‍ ഹാജരാക്കും. എട്ടാം പ്രതിയായ ദിലീപടക്കമുളള ബാക്കി ഏഴു പ്രതികളാണ് നിലവില്‍ ജാമ്യത്തിലുളളത്. പ്രതികള്‍ നേരിട്ട് ഹാജരാകുന്നതിനോ അഭിഭാഷകന്‍ മുഖേന അവധിക്കപേക്ഷ നല്‍കുന്നതിനോ നിയമപരമായി കഴിയും. കോടതിയില്‍ നേരിട്ട് ഹാജരാകണോ എന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.

തെളിവുകളുടെ പകര്‍പ്പുകള്‍ കിട്ടിയിട്ടില്ലെന്നാരോപിച്ച് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയിലുണ്ട്. തെളിവുകള്‍ കിട്ടുന്നതുവരെ വിചാരണ മാറ്റിവക്കണമെന്ന ദീലിപിന്റെ ആവശ്യം കോടതി നിരസിച്ചിരുന്നു.

SHARE