നടി ആക്രമിക്കപ്പെട്ട കേസ്; നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് അന്വേഷണ സംഘം ശ്രിതയുടെ മൊഴി രേഖപ്പെടുത്തിയത്. നിലവില്‍ സിനിമാമേഖലയിലുള്ള നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

ആക്രമിക്കപ്പെട്ടതിനുശേഷം നടി ഒരിക്കല്‍ ശ്രിതയുടെ വീട്ടില്‍ തങ്ങിയിരുന്നു. മജിസട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്നപ്പോഴായിരുന്നു ശ്രിതയുടെ വീട്ടില്‍ തങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ശ്രിതയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടി തന്റെ അടുത്ത സുഹൃത്താണെന്ന് ശ്രിത പറഞ്ഞു. തന്റെ വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. ദിലീപുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല. വിദേശഷോകളില്‍ ദിലീപിനൊപ്പം പങ്കെടുത്തിട്ടില്ലെന്നും ശ്രിത വ്യക്തമാക്കി. ദിലീപുമായി സൗഹൃദമില്ലെന്നും ആക്രമിക്കപ്പെട്ടതിന് ശേഷം നടിയെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ശ്രിത അന്വേഷണ സംഘത്തോട് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്നലെ കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ധീഖിനെ ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെടുമെന്ന് മുമ്പ് അറിയാമായിരുന്നോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യല്‍. നടിയും ദിലീപുമായും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവരുമായുള്ള പ്രശ്‌നത്തില്‍ നിന്ന് ദിലീപിനെ പിടിച്ചുമാറ്റിയത് താനാണെന്നും സിദ്ധീഖ് മൊഴി നല്‍കിയിരുന്നു.