നടിയെ ആക്രമിച്ച കേസില്‍ പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും; ചോദ്യം ചെയ്യാന്‍ ആരും വരേണ്ടെന്ന് പി.സി ജോര്‍ജ്ജ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പി.സി.ജോര്‍ജ്ജിന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. ഇതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എം.വി ജോര്‍ജ്ജ് പറഞ്ഞു.

കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പി.സി പറഞ്ഞു. ആരും ഇതുപറഞ്ഞ് വിരട്ടണ്ട. തന്നെ ചോദ്യം ചെയ്യാന്‍ താനെന്താ പെണ്ണ് പിടിച്ചോ എന്നും ജോര്‍ജ്ജ് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് തന്നില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നതില്‍ തെറ്റില്ല. അതിന് എസ്.പി വരണമെന്നില്ല. ഏതെങ്കിലും ഒരു പോലീസിനെ വിട്ടാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.

ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്നായിരുന്നു പി.സിയുടെ പരാമര്‍ശം. ജയിലില്‍ നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പി.സി ആരോപിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറെടുക്കുന്നത്.