നടി ആക്രമിക്കപ്പെട്ട ദിവസം രമ്യാനമ്പീശന്റെ വീട്ടിലേക്ക് ദിലീപിന്റെ വീട്ടില്‍ നിന്നും വിളിച്ചതെന്തിന്?; ദിലീപിനെതിരെയുള്ള ശക്തമായ തെളിവുകള്‍ പുറത്ത്

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നാലാംതവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഏറെ വൈകി രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ്‌ഫോണിലേക്ക് ദിലീപിന്റെ വീട്ടില്‍ നിന്നും വിളിച്ചതെന്തിനാണെന്ന ചോദ്യമാണ് ദിലീപിനെ കുരുക്കിയത്. നേരത്തെ 13മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ നടി ആക്രമിക്കപ്പെട്ട വിവരം പിറ്റേ ദിവസം നിര്‍മ്മാതാവ് ആന്റോ ജോണ്‍ പറഞ്ഞാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. വെറും 13 സെക്കന്റ് മാത്രമായിരുന്നു ആ വിളിയുടെ ദൈര്‍ഘ്യം. എന്നാല്‍ ആക്രമിക്കപ്പെട്ട അന്ന് രാത്രി പനിയായിരുന്നുവെന്ന് പറയുമ്പോഴും ദിലീപ് എന്തിനാണ് രമ്യാനമ്പീശന്റെ വീട്ടിലേക്ക് വിളിച്ചതെന്ന ചോദ്യത്തിന് വ്യക്തതയില്ല. കൂടാതെ പനി പിടിച്ച് വിശ്രമിക്കുകയായിരുന്നുവെന്ന് പറയുമ്പോഴും അന്ന് രാത്രി പന്ത്രണ്ടര വരെ ദിലീപ് മറ്റുള്ളവരുമായി ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആക്രമിക്കുന്ന സമയത്തും ക്വട്ടേഷനാണ്, ഇത് തന്ന ആള്‍ നിങ്ങളെ വിളിക്കുമെന്ന പള്‍സര്‍സുനിയുടെ വാക്കുകളും അതിനുശേഷമുള്ള രമ്യയുടെ വീട്ടിലേക്കുള്ള വിളിയും തമ്മില്‍ ബന്ധമുണ്ടെന്നും പോലീസ് കണക്കാക്കുന്നു. വിളിച്ചത് ആരാണെന്നോ എന്തിനാണെന്നോ ദിലീപ് പറഞ്ഞിട്ടില്ല. രമ്യയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് നടി ആക്രമിക്കപ്പെടുന്നത്. ഇതെല്ലാമാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇത് ദിലീപിനെതിരെയുള്ള ശക്തമായ തെളിവുകളായി പോലീസ് ചൂണ്ടിക്കാട്ടി. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിലീപ് ജയിലില്‍ തുടരും.

SHARE