നടിയെ ആക്രമിച്ച കേസില്‍ തൊണ്ടി മുതലുകള്‍ തിരിച്ചറിഞ്ഞു; പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വാഹനമുള്‍പ്പെടെയുള്ള തൊണ്ടി മുതലുകള്‍ നടി തിരിച്ചറിഞ്ഞു. നടി സഞ്ചരിച്ച കാറിനെ ഇടിച്ച ടെമ്പോ ട്രാവലറും ആഭരണത്തിന്റെ ഭാഗങ്ങളുമാണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ എറണാകുളത്തെ വിചാരണ കോടതി പരിശോധിച്ചു. ആക്രമണത്തിനിരയായ നടിയും വനിതാ ജഡ്ജിയും മാത്രമാണുണ്ടായിരുന്നത്. പരിശോധന സമയത്ത് പ്രതികളെയും അവരുടെ അഭിഭാഷകരെയും കോടതി മുറിയില്‍ നിന്ന് ഒഴിവാക്കി.

ആക്രമണത്തിനിരയായ നടിയും ജഡ്ജും മാത്രമാണുണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ വിസ്താരം ചൊവ്വാഴ്ചയും തുടരും. എതിര്‍ വിസ്താര സമയത്ത് അഭിഭാഷകര്‍ക്കൊപ്പം പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണാം. കോടതിക്ക് പുറത്ത് എത്തിച്ച ടെമ്പോ ട്രാവലറാണ് നടി തിരിച്ചറിഞ്ഞത്. കമ്മലിന്റെയും മാലയുടെയും ഒരു ഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ട്.
2017 ഫെബ്രുവരി 17ന് രാത്രി തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കളമശേരിയില്‍ വച്ചാണ് നടിയുടെ കാറില്‍ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) സംഘവും സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഇടിപ്പിച്ചത്. നടിയുടെ കാറില്‍ ബലമായി കയറിയ ഇവര്‍ നടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. നടന്‍ ദിലീപ് പറഞ്ഞിട്ടാണ് ഇങ്ങിനെ ചെയ്തതെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.